Connect with us

Uae

സേവന സമയം കുറക്കാൻ എ ഐ; ഫെഡറൽ പദ്ധതി പ്രഖ്യാപിച്ചു

സ്മാർട്ടും വേഗമേറിയതും കാര്യക്ഷമതയുമുള്ള ഗവൺമെന്റിനെ സൃഷ്ടിക്കുക ലക്ഷ്യം

Published

|

Last Updated

ദുബൈ|സർക്കാർ സേവനങ്ങൾ വേഗത്തിലാക്കാനും വിഭവങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിക്കുന്ന ഫെഡറൽ ഗവൺമെന്റ് സ്ട്രാറ്റജിക് പ്ലാൻ 2031 യു എ ഇ ആരംഭിച്ചു. ഈ പദ്ധതി “സ്മാർട്ടും വേഗമേറിയതും കൂടുതൽ കാര്യക്ഷമതയുമുള്ള ഗവൺമെന്റിനെ’ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. നടപടിക്രമങ്ങളുടെ സങ്കീർണതയായിരുന്നു മുൻകാലങ്ങളിൽ വിജയത്തിന്റെ അളവുകോലെങ്കിൽ, ഇപ്പോൾ കാര്യങ്ങൾ എളുപ്പവും വേഗവുമാക്കുക എന്നതാണ് വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നീണ്ട നടപടിക്രമങ്ങളുടെ ആവശ്യകത ഇല്ലാതാക്കി, ഏറ്റവും വേഗത്തിൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനുള്ള ഒരു ഉപകരണമായി എ ഐ പ്രവർത്തിക്കും. എമിറേറ്റ്‌സ് ഗവൺമെന്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിനോടകം തന്നെ സംയോജിപ്പിച്ചിട്ടുണ്ട്. നിയമ മേഖലയിൽ ഉൾപ്പെടെ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. പൗരന്മാരെയും താമസക്കാരെയും നിയമങ്ങൾ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തുന്നതിന് വലിയ തോതിലുള്ള ഡാറ്റ നേടാനും അതുവഴി കൂടുതൽ ഫലപ്രദമായ നിയമനിർമാണം നടത്താനും രാജ്യം എ ഐ ഉപയോഗിക്കുന്നു. അദ്ദേഹം തുടർന്നു.

സുപ്രധാനമായ നീക്കത്തിൽ, അടുത്തിടെ നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം 2026 ജനുവരി മുതൽ ക്യാബിനറ്റ്, മിനിസ്റ്റീരിയൽ ഡെവലപ്മെന്റ്കൗൺസിൽ, ഫെഡറൽ സ്ഥാപനങ്ങളുടെയും സർക്കാർ കമ്പനികളുടെയും എല്ലാ ഡയറക്ടർ ബോർഡുകളുടെയും ഉപദേശക അംഗമായി സ്വീകരിക്കുമെന്ന് യു എ ഇ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. അടുത്ത തലമുറ ഈ ഉപകരണം വിവേകത്തോടെ ഉപയോഗിക്കാൻ പ്രാപ്തരാകുന്നുവെന്ന് ഉറപ്പാക്കുന്നതിനായി കിന്റർഗാർട്ടൻ മുതൽ പൊതുവിദ്യാലയങ്ങളിൽ എ ഐ പഠിപ്പിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായും യു എ ഇ മാറുകയാണ്.

 

---- facebook comment plugin here -----

Latest