Connect with us

Uae

അപകടകാരികളായ ഡ്രൈവർമാരെ കണ്ടെത്താൻ എ ഐ കാമറ

കഴിഞ്ഞ വർഷം മാത്രം വശത്ത് കൂടി ഓവർടേക്ക് ചെയ്തതിന് 24,992 കേസുകൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തു.

Published

|

Last Updated

അബൂദബി | ട്രാഫിക് നിയമലംഘകരെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഉപയോഗിക്കുന്നുണ്ടെന്ന് അബൂദബി പോലീസ് അറിയിച്ചു. റോഡിലെ നിയമലംഘനങ്ങളും അപകടകരമായ ഡ്രൈവിംഗ് രീതികളും ഇവ നിരീക്ഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യും. റോഡിന്റെ വശത്ത് കൂടി ഓവർടേക്ക് ചെയ്യുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, മതിയായ അകലം പാലിക്കാതിരിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തുടനീളമുള്ള റോഡ് കാമറകളും ട്രാഫിക് പോലീസും ലൈൻ തെറ്റിച്ചുള്ള ഡ്രൈവിംഗ്, ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യൽ, ആംബുലൻസുകൾക്കും മറ്റ് അടിയന്തര വാഹനങ്ങൾക്കുമായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളിൽ വാഹനമോടിക്കൽ തുടങ്ങിയ നിരവധി നിയമലംഘനങ്ങൾ ഈ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം വശത്ത് കൂടി ഓവർടേക്ക് ചെയ്തതിന് 24,992 കേസുകൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തു. ഇതിൽ അബൂദബിയിൽ 7,512 കേസുകളും ദുബൈയിലെ 12,764 കേസുകളും ഉൾപ്പെടുന്നു.

റോഡിന്റെ വശം വാഹനമോടിക്കാനുള്ള സ്ഥലമല്ലെന്ന് പോലീസ് ഓർമിപ്പിച്ചു. അടിയന്തര ആവശ്യങ്ങൾക്കുള്ളതാണ് ഇവ. കുറഞ്ഞ സമയം ലാഭിക്കാൻ ശ്രമിക്കുന്നത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സമുണ്ടാക്കും. പോലീസ് വ്യക്തമാക്കി. അടുത്തിടെ അബൂദബി പോലീസും സിവിൽ ഡിഫൻസും മറ്റ് ഗതാഗത വകുപ്പുകളുമായി സഹകരിച്ച് മടിക്കരുത്.. ഉടൻ തന്നെ വഴിമാറുക’ എന്ന ക്യാമ്പയിൻ ആരംഭിച്ചിരുന്നു. അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയാണ് ഈ ക്യാമ്പയിനിന്റെ ലക്ഷ്യം. ഏതെങ്കിലും അപകടം നടന്നാലോ തീപ്പിടുത്തമുണ്ടായലോ അടിയന്തര സഹായം എത്തിച്ചേരാൻ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. സൈറൻ കേൾക്കുമ്പോൾ മടി കാണിക്കാതെ ഉടൻ തന്നെ പ്രതികരിക്കുകയും അടിയന്തര വാഹനങ്ങൾക്ക് വഴിമാറുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പോലീസ് കൂട്ടിച്ചേർത്തു. അടിയന്തര വാഹനങ്ങൾക്ക് വഴി കൊടുക്കാത്തതിന് 3,000 ദിർഹം പിഴയും 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ആറ് ബ്ലാക്ക് പോയിന്റും ലഭിക്കും.

 

 

Latest