Uae
വിമാനത്താവളങ്ങളിൽ എ ഐ അധിഷ്ഠിത ഇമിഗ്രേഷൻ ഇടനാഴി
ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം

ദുബൈ|ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരേ സമയം ഒന്നിലധികം യാത്രക്കാർക്ക് കടന്നുപോകാൻ കഴിയുന്ന ഇമിഗ്രേഷൻ ഇടനാഴി യാഥാർഥ്യമായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ ഇടനാഴിയിലൂടെ ഒരേ സമയം പത്ത് പേർക്ക് വരെ കടന്നുപോകാൻ കഴിയും. ആരും തടഞ്ഞു നിർത്തുകയോ തിരിച്ചറിയൽ രേഖകൾ ചോദിക്കുകയോ ചെയ്യില്ല. യാത്രക്കാർ വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ അവരുടെ മുഖം തിരിച്ചറിയാൻ ഈ സാങ്കേതിക വിദ്യക്ക് കഴിയും. വിമാനത്താവള സംവിധാനങ്ങൾ അതിർത്തി കടക്കുന്നതിന് മുമ്പ് തന്നെ യാത്രക്കാരുടെ വിവരങ്ങൾ തിരിച്ചറിയാൻ തുടങ്ങുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്്മദ് അൽ മർറി പറഞ്ഞു.
പുതിയ സാങ്കേതിക വിദ്യ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും വിമാനത്താവളത്തിന്റെ ശേഷി ഇരട്ടിയാക്കുകയും ചെയ്യും. സംശയാസ്പദമായ ആളുകളെ കണ്ടെത്താനും നിയമലംഘനങ്ങൾ തിരിച്ചറിയാനും എ ഐ സഹായിക്കുന്നു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 2024-ൽ ഏറ്റവും കൂടുതൽ യാത്രക്കാർ യാത്ര ചെയ്ത വിമാനത്താവളമെന്ന സ്ഥാനം ദുബൈ നിലനിർത്തിയിരുന്നു.