Connect with us

Kerala

'പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹരിച്ച് മുന്നോട്ട് പോകും'; വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസമെന്ന വാര്‍ത്തകള്‍ തള്ളാതെ ചെന്നിത്തല

ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടെങ്കില്‍ പറഞ്ഞ് പരിഹരിച്ച് മുന്നോട്ടുപോകും

Published

|

Last Updated

തിരുവനന്തപുരം |  പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസമെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളാതെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ പറഞ്ഞ് പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് ചെന്നിത്തല പ്രതികരിച്ചു. കുടുംബത്തില്‍ പ്രശ്നങ്ങളില്ല. യുഡിഎഫില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടെങ്കില്‍ പറഞ്ഞ് പരിഹരിച്ച് മുന്നോട്ടുപോകും- രമേശ് ചെന്നിത്തല പറഞ്ഞു.വി ഡി സതീശന്‍ ചെന്നിത്തലയുടെ വീട്ടിലേക്ക് നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് രാവിലെ എട്ടോടെയാണ് വി ഡി സതീശന്‍ രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ ഘടകക്ഷി നേതാക്കള്‍ക്കുള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴും രമേശ് ചെന്നിത്തലയ്ക്ക് അവസരം നല്‍കാതിരുന്നതാണ് ചെന്നിത്തലയ്ക്ക് നീരസമുണ്ടാക്കിയത്. അന്ന് പ്രതിപക്ഷ നേതാവ് ഒരുക്കിയ വിരുന്ന് ബഹിഷ്‌കരിച്ച് രമേശ് ചെന്നിത്തല മടങ്ങുകയും ചെയ്തിരുന്നു.

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായതിന് ശേഷം നയപരമായ കാര്യങ്ങളില്‍ രമേശ് ചെന്നിത്തലയോട് അഭിപ്രായം ചോദിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണ് യുഡിഎഫ് യോഗത്തില്‍ സംസാരിക്കാനുള്ള അവസരം ചെന്നിത്തലയ്ക്ക് നിഷേധിക്കപ്പെട്ടത്. വിരുന്നില്‍ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങുക കൂടി ചെയ്തതോടെ നീരസം പരസ്യമാക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വി ഡി സതീശന്‍ ചെന്നിത്തലയുടെ വീട്ടിലെത്തിയത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് സതീശന്‍ മടങ്ങിയത്.

---- facebook comment plugin here -----

Latest