Kerala
ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം
കുട്ടിയെ കുളിപ്പിക്കുന്നതിനിടയില്‍ നീറ്റല്‍ അനുഭവപ്പെട്ട് കുട്ടി കരഞ്ഞതോടെയാണ് പീഡനം വെളിപ്പെട്ടത്

തൃശൂര്‍ | ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം തടവവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നയൂര്‍ സ്വദേശിയായ 43കാരനെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. പ്രതി പിഴയായി ഒടുക്കുന്ന മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാന്‍ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2021 ഒക്ടോബറില്‍ പ്രതി സ്വന്തം വീട്ടില്‍ വച്ച് അയല്‍വാസിയായ ആറ് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി കുട്ടിയെ ലൈംഗികാതിക്രമം നടത്തിയപ്പോള്‍ കുട്ടിക്ക് രഹസ്യ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നു. ഉമ്മുമ്മ കുട്ടിയെ കുളിപ്പിക്കുന്നതിനിടയില്‍ നീറ്റല്‍ അനുഭവപ്പെട്ട് കുട്ടി കരഞ്ഞതോടെയാണ് പീഡനം വെളിപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ കാണഇച്ചപ്പോള്‍ മുറിവുണ്ടായത് ലൈംഗികാതിക്രമത്തിലൂടെയാണെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായി.
ഇതോടെ മലപ്പുറം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.കുട്ടിയെ മെഡിക്കല്‍ ബോര്‍ഡില്‍ ഹാജരാക്കി കൗണ്‍സെലിംഗ് നടത്തി. ഇതിനിടെ പ്രതി ആരെന്ന് തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.
പ്രതിക്കെതിരെ കോടതിയില്‍ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വടക്കേക്കാട് സ്റ്റേഷനിലെ ഗ്രേഡ് സിവില്‍ പോലീസ് ഓഫീസര്‍ മിനിതയാണ് കുട്ടിയുടെ മൊഴിയെടുത്തത്. ഇന്‍സ്‌പെക്ടറായിരുന്ന അമൃതരംഗനാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ എസ്. ബിനോയ് , അഡ്വ. കെ എന്‍ അശ്വതിയും ഹാജരായി.