Kerala
പോക്സോ കേസില്‍ പ്രതിക്ക് 34 വര്‍ഷം കഠിന തടവും 1.65 ലക്ഷം രൂപ പിഴയും
പീഡന വിവരം പുറത്തുപറഞ്ഞാല്‍ അച്ഛനെ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പലതവണ ബലാത്സംഗം ചെയ്ത കേസില്‍ 59 കാരന് 34 വര്‍ഷം കഠിന തടവും 1,65,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. കോട്ടാങ്ങല്‍ വായ്പൂര്‍ കൊടുമുടിശ്ശേരിപ്പടിയില്‍ ചാച്ചി എന്ന് വിളിക്കുന്ന ബിജു കെ ആന്റണി ആണ് ശിക്ഷിക്കപ്പെട്ടത്. സ്പെഷ്യല്‍ ജഡ്ജി ടി മഞ്ചിത്തിന്റെതാണ് വിധി. പെരുമ്പെട്ടി പൊലീസ് 2023 രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നടപടി.
2022, 2023 കാലഘട്ടങ്ങളിലാണ് പരാതിക്കാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ അച്ഛനെ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.പോലീസ് ഇന്‍സ്പെക്ടര്‍ എം ആര്‍ സുരേഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. പോക്സോ നിയമത്തിലെ 6,5 വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, അതിക്രമിച്ചുകടന്നതിന് പത്തുവര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും, പോക്സോ നിയമത്തിലെ 8,7 വകുപ്പുകള്‍ അനുസരിച്ച് 3 വര്‍ഷം കഠിന തടവും 10000 രൂപയും, ഭീഷണിപ്പെടുത്തിയതിന് ഒരു വര്‍ഷം കഠിന തടവും 5000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷിച്ചത്. പിഴ അടക്കാതിരുന്നാല്‍ ഒമ്പതര മാസത്തെ അധികകഠിന തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ ഹസീന പങ്കാളിയായി.