Connect with us

Kerala

കുസാറ്റിലെ അപകടം; പരുക്കേറ്റവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ സജ്ജം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കൊച്ചിയിലെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Published

|

Last Updated

കൊച്ചി |  കളമശേരിയിലെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ നടന്ന അപകടത്തില്‍ പരുക്കേറ്റവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്. ഏറെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് കുസാറ്റില്‍ നടന്നതെന്നും പരുക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നും മന്ത്രി വ്യക്തമാക്കി.

64 പേര്‍ക്ക് പരുക്കേറ്റതായാണു നിലവിലെ വിവരം. 46 പേരെയാണു കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. നാലുപേരുടെ നില ഗുരുതരമാണ്. രണ്ടുപേര്‍ ഒരു സ്വകാര്യ ആശുപത്രിയിലും രണ്ടുപേര്‍ കളമശേരി മെഡിക്കല്‍ കോളജിലുമാണ്. 18 പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവരില്‍ ഒരാളുടെ തലക്കു പരുക്കുണ്ട്. സംഭവം അറിഞ്ഞതിനുപിന്നാലെ ആശുപത്രികളില്‍ അലര്‍ട്ട് കൊടുത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു

പരുക്കേറ്റവരുടെ നില എന്താണെന്നതില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തെ തയാറാക്കിയിട്ടുണ്ട്. നിലവില്‍ ആശുപത്രിയിലെ തിരക്ക് നിയന്ത്രണവിധേയമാണ്. കൊച്ചിയിലെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു