Kerala
അധിക്ഷേപ പരാതി: കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തു; നാളെ ചോദ്യം ചെയ്യും
സൈബര്‍ ആക്രമണത്തില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കൂടുതല്‍ തെളിവുകള്‍ സി പി എം നേതാവ് കെ ജെ ഷൈന്‍ സമര്‍പ്പിച്ചിരുന്നു

കൊച്ചി | സി പി എം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ അധിക്ഷേപ പരാതിയില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അപവാദ പ്രചാരണത്തിനുപയോഗിച്ച ഫോണ്‍ പിടിച്ചെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഗോപാലകൃഷ്ണന് അന്വേഷണ സംഘം നോട്ടീസ് നല്‍കി. നാളെ ഹാജരകാനാണ് നിര്‍ദേശം.
പരാതി ഉയര്‍ന്നതോടെ മുഖ്യപ്രതിയായ സി കെ ഗോപാലകൃഷ്ണന്‍ ഒളിവില്‍ പോയിരുന്നു. വി ഡി സതീശന്‍ എം എല്‍ എയുടെ ഓഫീസിലാണ് ഗോപാലകൃഷ്ണനെ ഒളിപ്പിച്ചിരിക്കുന്നതെന്ന് ആരോപിച്ച് പറവൂരിലെ സി പി എം നേതാക്കള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് സി പിഐ എം പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
സൈബര്‍ ആക്രമണത്തില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കൂടുതല്‍ തെളിവുകള്‍ കെ ജെ ഷൈന്‍ സമര്‍പ്പിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയവരുടെ പേര് വിവരങ്ങളാണ് കൈമാറിയത്. വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ കേസുകളും രജിസ്റ്റര്‍ ചെയ്യും. വ്യാജപ്രചാരണം നടത്തിയ കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകളെകുറിച്ചും നേതാക്കളെകുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കെ ജെ ഷൈന്‍ നല്‍കിയ പരാതിയില്‍ കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിന്റെ പേരും ഉണ്ട്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ലൈംഗിക ചുവയുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചുവെന്നാണ് പരാതി. അപവാദ പ്രചാരണം നടത്തിയ പലരും പോസ്റ്റുകള്‍ പിന്‍വലിച്ചിരുന്നു. ഇത് വീണ്ടെടുക്കാന്‍ സൈബര്‍ പോലീസ് മെറ്റയുടെ സഹായവും തേടി. ഫേസ്ബുക്ക് പോസ്റ്റുകള്‍ നടത്തിയവര്‍ക്കെതിരായ സാക്ഷി മൊഴികളും പോലീസ് ശേഖരിക്കുന്നുണ്ട്.