feature
കാപ്പിയിലെ അബുക്ക വൈബ്
അധികമൊന്നും പാടുപെടാതെ തന്നെ കാപ്പി കൃഷി ചെയ്യാമെന്ന് ഇദ്ദേഹം തന്റെ അനുഭവം വെച്ചു പറയുന്നു.

കാപ്പിയും തേയിലയുമൊക്കെ ഗുഢല്ലൂരിലും വയനാട്ടിലും മാത്രമേ കൃഷി ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന ധാരണ തിരുത്തിയിരിക്കുകയാണ് ചേളാരിയിലെ അബൂബക്കർ ഹാജി. ഇവിടെയും കാപ്പി കൃഷി സുന്ദരമായി നടത്താമെന്ന് വർഷങ്ങളായി തെളിയിച്ചിരിക്കുകയാണ് ഈ 78 കാരൻ. വെളിമുക്ക് ചേളാരി ചെർന്നൂർ ചേറക്കോട് മേലേമുത്തേടത്ത് മണ്ണാരക്കൽ അബൂബക്കർ ഹാജി കാപ്പി കൃഷിയിൽ വിജയഗാഥ തീർക്കുകയാണ്.30 വർഷത്തിലേറെയായി തന്റെ വീടിനടുത്തുള്ള 25 ഏക്കറിലധികം വരുന്ന സ്ഥലത്ത് കണ്ടാൽ ഊട്ടിയിലേയോ ഗൂഢല്ലൂരിലേയോ വയനാട്ടിലേയോ വല്ല തോട്ടമെന്നേ തോന്നുകയുള്ളൂ. ഇവിടെ നല്ല ഇനമായ റോബസ്റ്റ് കാപ്പി കൃഷി ചെയ്തു വിളവെടുക്കുന്നത് ആരെയും ആശ്ചര്യപ്പെടുത്തും.
പരമ്പരാഗത കർഷക കുടുംബത്തിൽ കമ്മുക്കുട്ടി ഹാജിയുടെയും ഉമ്മാത്തക്കുട്ടിയുടെയും മകനായ അബൂബക്കർ ഹാജി പന്ത്രണ്ടാം വയസ്സിലാണ് ഈ രംഗത്തിറങ്ങിയത്. വർഷങ്ങൾക്ക് മുമ്പ് വയനാട് മേപ്പാടിയിൽ തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കാപ്പി, കുരുമുളക്, ജാതിക്ക, ഗ്രാന്പൂ തുടങ്ങിയവ കൃഷി ചെയ്തു. വളരെ വിജയകരമായതിനാൽ ഇത് നാട്ടിലും ഒന്ന് പരീക്ഷിച്ചാലോ എന്ന് തോന്നി. അങ്ങനെയാണ് രണ്ടും കൽപ്പിച്ച് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.വീടിന് സമീപമുള്ള പത്ത് സെന്റ് സ്ഥലത്ത് അൽപ്പം കാപ്പിച്ചെടികൾ നട്ടു.കൂടുതൽ വാഹന സൗകര്യമൊന്നും ഇല്ലാത്തതിനാൽ വയനാട് നിന്ന് ബസ്സിൽ പല തവണകളായി ഏതാനും കാപ്പിത്തൈകൾ കൊണ്ടുവരികയാണ് ചെയ്തിരുന്നത്. ഇത് വിജയം കണ്ടതോടെ കൃഷി വ്യാപിപ്പിച്ചു. ഇപ്പോൾ 30 വർഷത്തിലധികമായി 25 ഏക്കറിലധികം വരുന്ന സ്ഥലത്ത് കാപ്പി കൃഷി വിജയകരമായി നടന്നുവരുന്നു.ജൈവവളം, കന്നുകാലി വളം, ഇംഗ്ലീഷ് വളം തുടങ്ങിയവയാണ് ഇതിന് ഉപയോഗിക്കുന്നത്.
അധികമൊന്നും പാടുപെടാതെ തന്നെ കാപ്പി കൃഷി ചെയ്യാമെന്ന് ഇദ്ദേഹം തന്റെ അനുഭവം വെച്ചു പറയുന്നു.മഴക്കാലം കഴിഞ്ഞ് രണ്ട് മാസമായാൽ കാപ്പിത്തൈകളുടെ ഇലകളിലും മൊട്ടുകളിലും വെള്ളം സ്പ്രേ ചെയ്യും.ഇതോടെ ഇവ പൂവിടാൻ തുടങ്ങും.ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പൂവിടുക.കാപ്പി പൂക്കുമ്പോൾ തോട്ടത്തിലും പരിസരങ്ങളിലുമെല്ലാം നല്ല സുഗന്ധമായിരിക്കും. ഇതോടെ തേനീച്ചകളും മറ്റും ഇങ്ങോട്ട് ചേക്കേറും. കാപ്പി പൂക്കുമ്പോൾ ഉണ്ടാകുന്ന സൗരഭ്യമുള്ള അന്തരീക്ഷം ശാരീരിക-മാനസിക ആരോഗ്യത്തിനും ഉന്മേഷത്തിനും വളരെ ഫലവത്താണ്. അതുകൊണ്ടു തന്നെ പ്രഭാതസവാരി സമയത്ത് ഒട്ടേറെ ആളുകൾ അബൂബക്കർ ഹാജിയുടെ തോട്ടം കാണാനെത്തുന്നു. കാപ്പി പൂവിട്ടാൽ പിന്നെ ഇളകാൻ പാടില്ല.
പിന്നീട് വീണ്ടും ഒരാഴ്ച വെള്ളം സ്പ്രേ ചെയ്യും. വെള്ളം ഉപയോഗിക്കാതിരുന്നാൽ കാപ്പിയുടെ പൂക്കൾ ഉണങ്ങും. അതില്ലാതിരിക്കാനാണ് വെള്ളം സ്പ്രേ ചെയ്യുന്നത്. ഈ സമയത്ത് മഴ കിട്ടിയാൽ വെള്ളം സ്പ്രേ ചെയ്യേണ്ട ആവശ്യം വരില്ല.ജൂൺ, ജൂലൈ മാസമാകുമ്പോൾ കാപ്പിത്തൈകളിലെ അനാവശ്യമായ ചില്ലകൾ മുറിച്ചു മാറ്റുകയും തോട്ടത്തിലെ പുല്ലുകളെല്ലാം പറിച്ചുമാറ്റി വളം ഉപയോഗിക്കുകയും ചെയ്യും.തുടർന്ന് തൈകളിൽ കുമ്മായം വിതറുന്നു. ഇങ്ങനെ ചെയ്താൽ ഡിസംബർ മാസത്തോടെ കായ് പറിക്കാൻ പാകമാകും.
കാപ്പിമരങ്ങൾക്ക് വർഷങ്ങളുടെ പ്രായമുള്ളതായി അബൂബക്കർ ഹാജി പറഞ്ഞു. വയനാട്ടിലെ പല കാപ്പിത്തോട്ടങ്ങളിലെയും ചെടികൾ ബ്രിട്ടീഷുകാരുടെ കാലത്ത് നട്ടതാണ്. ചെടികൾക്ക് അതാത് സമയങ്ങളിൽ കവാത്ത് ചെയ്യുകയും അരയടി എടുക്കുകയും വേണം. അടിഭാഗത്ത് മുളച്ച് വരുന്ന ചില്ലകളും മുകളിൽ പൊന്തിവരുന്ന കൊമ്പുകളും വെട്ടിമാറ്റുകയാണിത്. എന്നാലേ കാപ്പിക്കുള്ളിലേക്ക് മുകളിൽ നിന്ന് സൂര്യരശ്മികൾ കടക്കുകയുള്ളൂ. അല്ലാത്ത പക്ഷം കാപ്പികൾ പൂവിടുകയോ കായ്ക്കുകയോയില്ല. ഇവിടെ നിന്ന് വിളവെടുക്കുന്ന കാപ്പിക്കുരുകൾ അബൂബക്കർ ഹാജി വയനാട്, ഗൂഢല്ലൂർ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിലെ മലഞ്ചരക്ക് കടകളിലേക്കും ഫാക്ടറികളിലേക്കും കൊണ്ടുപോകുകയാണ് ചെയ്യാറുള്ളത്.
അതിനിടെ ഇദ്ദേഹം കാപ്പിത്തൈ നഴ്സറി തുടങ്ങിയിരുന്നു.കാപ്പിത്തൈകൾ എത്തിച്ചു ചേളാരി ചന്തയിൽ കൊണ്ടുപോയി ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ, അത് വേണ്ടത്ര വിജയിച്ചില്ല.കാപ്പിക്കൃഷി ഇവിടെ നടക്കുകയില്ല എന്ന ആളുകളുടെ ധാരണയാണ് കാരണം. അതോടെ ആ പദ്ധതി വേണ്ടെന്നു വെച്ചു.കാപ്പി കൃഷിക്ക് പുറമെ ഏക്കർ കണക്കിന് സ്ഥലത്ത് വിവിധങ്ങളായ കൃഷികൾ ഇദ്ദേഹം ചെയ്യുന്നു. കുരുമുളക് (പന്നിയൂർ), കുരുമുളക് (കരി മുണ്ട), കദളി വാഴ, കസ്തൂരി മഞ്ഞൾ,തിപ്പല്ലി, മാവ് ( സിന്ദൂരം, അൽഫോൻസ) , കറുകപ്പട്ട, സപ്പോട്ട, വിവിധയിനം മുളകുകൾ, വിവിധയിനം തെങ്ങ്, ചേമ്പ്, ചേന, കൂൺ, കമുങ്ങ് തുടങ്ങിയവയാൽ സമൃദ്ധമാണ് തോട്ടം.
തന്റെതോട്ടത്തിന്റെ ചുറ്റുമതിലിൽ വളരെ വൃത്തിയിൽ കൃഷിയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന വാക്യങ്ങൾ ഭംഗിയായി എഴുതി വെച്ചിട്ടുണ്ട്. സമൂഹം കൃഷിമേഖലയെ പാടേ അവഗണിക്കുന്നത് തീരാനഷ്ടമാണെന്ന് അബൂബക്കർ ഹാജി പറയുന്നു. ഈ നിലയിൽ പോയാൽ പുതിയ തലമുറക്ക് കൃഷി എന്നത് പരിചയമില്ലാത്ത ഒന്നായി മാറുമെന്ന് ഇദ്ദേഹം ആശങ്കപ്പെടുന്നു.
സംസ്ഥാന- ജില്ലാ തലങ്ങളിൽ മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാർഥികളും ഇവിടെ സന്ദർശനം നടത്താറുണ്ട്.
എന്നാൽ ഇത്രയും വിജയകരവും മാതൃകാപരവുമായ നിലയിൽ വർഷങ്ങളായി കാപ്പി കൃഷി നടത്തുന്ന ഇദ്ദേഹത്തിന് ഇതുവരേയും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. കാപ്പി കൃഷിക്ക് ഇവിടെ പദ്ധതി ഇല്ലാത്തത് കൊണ്ടാണ് ആനുകൂല്യം നൽകാൻ കഴിയാത്തത് എന്നാണ് കൃഷി വകുപ്പ് പറയുന്നത്. കൃഷിക്ക് പ്രോത്സാഹനമേകി കുടുംബവുമൊപ്പമുണ്ട്. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് അശ്റഫ്, ബുശ്റ, സുഹ്റ, ആഇശാബി.