Uae
സമുദ്ര സംരക്ഷണത്തിൽ അബൂദബി മുന്നേറ്റം; ഡ്രോണുകളും ഹൈടെക് കപ്പലുകളും ഉപയോഗിക്കുന്നു
കപ്പൽ ഇതിനകം 108 ദിവസത്തെ യാത്രയിൽ 324 സ്ഥലങ്ങളിൽ നിന്ന് 2,000-ലധികം സാമ്പിളുകൾ ശേഖരിച്ച് യു എ ഇ ഫിഷറീസ് റിസോഴ്സസ് അസസ്മെന്റ് സർവേ പൂർത്തിയാക്കി.

അബൂദബി | സമുദ്ര സംരക്ഷണത്തിൽ സ്മാർട്ട് സാങ്കേതികവിദ്യകളും സ്വയംഭരണ സംവിധാനങ്ങളും ഉപയോഗിച്ച് പരിസ്ഥിതി ഏജൻസി – അബൂദബി (ഇ എ ഡി) മുന്നേറ്റങ്ങൾ കൈവരിക്കുന്നു. ഡ്രോണുകളും എ ഐ സാങ്കേതിക വിദ്യയും ഉപയോഗിച്ച് കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കുന്ന അബൂദബി മാംഗ്രോവ് ഇനിഷ്യേറ്റീവ്, മിഡിൽ ഈസ്റ്റിലെ ഏറ്റവും നൂതന സമുദ്ര ഗവേഷണ കപ്പലായ ജയ്്വുൻ തുടങ്ങിയവ സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
യു എ ഇ ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വിലയിരുത്തലിനും സമുദ്ര സംരക്ഷണ നയങ്ങൾ രൂപീകരിക്കുന്നതിനും നിർണായക ഡാറ്റ ശേഖരിക്കുന്നതിന്നാണ് ജയ്്വുൻ പ്രവർത്തിക്കുന്നത്. കപ്പൽ ഇതിനകം 108 ദിവസത്തെ യാത്രയിൽ 324 സ്ഥലങ്ങളിൽ നിന്ന് 2,000-ലധികം സാമ്പിളുകൾ ശേഖരിച്ച് യു എ ഇ ഫിഷറീസ് റിസോഴ്സസ് അസസ്മെന്റ് സർവേ പൂർത്തിയാക്കി.
മത്സ്യ ഇനങ്ങളുടെ അക്കൗസ്റ്റിക് സർവേ, ഇ ഡി എൻ എ, ജീനോമിക് സീക്വൻസിംഗ് എന്നിവ നടത്തിയ കപ്പൽ, സ്പെയിനിൽ നിന്ന് അബൂദബിയിലേക്കുള്ള 10,000 കിലോമീറ്റർ ആകാശ ഗവേഷണ പര്യവേഷണത്തിനും നേതൃത്വം നൽകി. മാക്സ് പ്ലാങ്ക് സൊസൈറ്റി, സൈപ്രസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ആഗോള സ്ഥാപനങ്ങളുമായുള്ള സഹകരണത്തോടെയാണ് മലിനീകരണം, ജലഗുണനിലവാരം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടത്തുന്നത്.
കടൽപ്പുല്ലിന്റെ സംരക്ഷണ തന്ത്രങ്ങൾ മെച്ചപ്പെടുത്താനും ഏജൻസി ഗവേഷണ പരിപാടികൾ നടത്തുന്നു.തീരദേശ ആവാസ വ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്നതിന് സഹായിക്കുന്ന പ്രവർത്തനമാണ് അബുദാബി മാംഗ്രോവ് ഇനിഷ്യേറ്റീവിലൂടെ നടക്കുന്നത്.