Kerala
തന്നെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രവാസി വി പി ഷമീര്‍
യാത്രയിലുടനീളം കൊടിയ മർദനം

മലപ്പുറം | പണം നല്‍കിയില്ലെങ്കില്‍ തന്നെ വകവരുത്താന്‍ വരെ പദ്ധതി തയ്യാറാക്കിയിരുന്നതായി തട്ടിക്കൊണ്ടുപോകപ്പെട്ട പാണ്ടിക്കാട് സ്വദേശിയായ പ്രവാസി യുവ വ്യവസായി വി പി ഷമീര്‍. അതിക്രൂരമായ മർദനമാണ് തനിക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നും ഷമീര്‍ പറഞ്ഞു.
പോലീസിൻ്റെ കൃത്യമായ അന്വേഷണവും സമയോചിത ഇടപെടലുകളും ഉണ്ടായിരുന്നില്ലെങ്കില്‍ തന്റെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇടിച്ചു തെറിപ്പിച്ചാണ് തന്നെ കാറിലേക്ക് വലിച്ചിട്ടത്. ഓടാന്‍ ശ്രമിച്ചെങ്കിലും പിറകെ വന്നു ഇടിച്ചു വീഴ്ത്തി എട്ട് പേര്‍ ബലമായി കാറിലേക്ക് കയറ്റി. തുടര്‍ന്ന് രാത്രി മുഴുവന്‍ മാറി മാറി മര്‍ദിച്ചു.
14 ലക്ഷം ദിര്‍ഹം നല്‍കണമെന്നും യു എ ഇയിലെ കേസ് പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു മർദനവും പീഡനവും. മർദനം സഹിക്കവയ്യാതെ എട്ട് ലക്ഷം ദിര്‍ഹം നല്‍കാമെന്നു സമ്മതിക്കേണ്ടി വന്നു. യാത്രയിലുടനീളം കൊടിയ മർദനമാണ് സഹിക്കേണ്ടി വന്നത്. സത്യസന്ധമായി മാത്രമേ ഇക്കാലമത്രയും ബിസിനസ് നടത്തിയിട്ടുള്ളൂ. ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷമീര്‍ പറഞ്ഞു.