Connect with us

stray dog bite

തെരുവുനായ ശല്യത്തിന് എ ബി സി പദ്ധതി പരിഹാരമോ?

എ ബി സി നടപ്പാക്കിയതു കൊണ്ട് തെരുവുനായ ശല്യം പരിഹരിക്കാനാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുകൊണ്ട് പ്രജനനം തടയാനാകുമെന്നല്ലാതെ നായശല്യം കുറക്കാനാകില്ല. തെരുവുനായകളെ പാര്‍പ്പിക്കാന്‍ പ്രത്യേക ഷെല്‍ട്ടര്‍ സ്ഥാപിക്കുകയോ അക്രമസ്വഭാവം കാണിക്കുന്ന നായകളെ കൊല്ലുകയോ ആണ് ശരിയായ പരിഹാരം.

Published

|

Last Updated

സംസ്ഥാനം ഇന്ന് നേരിടുന്ന മുഖ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ് തെരുവുനായ ആക്രമണം. പുറത്തിറങ്ങിയാല്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ ഭയന്നു കഴിയുകയാണ് നാടും നഗരവും. കാല്‍നടയാത്രക്കാരെ കടിച്ചും ഇരുചക്രവാഹന യാത്രികരെ അപകടത്തില്‍ പെടുത്തിയും വഴികളില്‍ വാഴുകയാണ് നായ്ക്കള്‍. ദിനംപ്രതി നിരവധി കേസുകളാണ് ഇതുസംബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. വാക്‌സീനാണ് നായയുടെ കടിയേറ്റാല്‍ പരിഹാരം. എന്നാല്‍ വാക്‌സീനെടുത്താലും രക്ഷയില്ലെന്നാണ് നിലവിലെ സ്ഥിതി. ആരോഗ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയതനുസരിച്ച് ഈ വര്‍ഷം സംസ്ഥാനത്ത് 1,83,931 പേര്‍ക്ക് തെരുവുനായകളുടെ കടിയേല്‍ക്കുകയും ഇതില്‍ 20 പേര്‍ മരണപ്പെടുകയും ചെയ്തു. മരിച്ചവരില്‍ അഞ്ച് പേര്‍ വാക്‌സീനെടുത്തവരാണ്. വാക്‌സീന്‍ ഉപയോഗിച്ചാല്‍ നൂറ് ശതമാനവും ഒഴിവാക്കാവുന്ന രോഗമാണ് പേവിഷബാധയെന്ന ധാരണ തിരുത്തേണ്ടി വന്നിരിക്കുകയാണ്.

എന്തുകൊണ്ടാണ് വാക്‌സീനെടുത്തിട്ടും ആളുകള്‍ മരിക്കാന്‍ ഇടയാകുന്നത്? വാക്‌സീന്‍ നിര്‍ദേശിക്കപ്പെട്ട ഊഷ്മാവില്‍ സൂക്ഷിക്കാത്തതു കാരണമാണോ, അതോ വാക്‌സീന്റെ ഗുണനിലവാരമില്ലായ്മ കൊണ്ടോ? അല്ലെന്നാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം. പേവിഷ വാക്‌സീന്റെ ഗുണനിലവാരത്തില്‍ സംശയമില്ലെന്നും രണ്ട് ഇന്‍-ഹൗസ് ടെസ്റ്റും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മാനദണ്ഡമനുസരിച്ചുള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ഉറപ്പാക്കിയാണ് വാക്‌സീന്‍ വാങ്ങുന്നതെന്നാണ് മന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുള്ള മറുപടിയില്‍ നിയമസഭയില്‍ പറഞ്ഞത്. അതേസമയം ഈ വീക്ഷണത്തോട് മുഖ്യമന്ത്രിക്ക് പൂര്‍ണ യോജിപ്പില്ല. പേവിഷബാധക്കുള്ള വാക്സീന്‍ സംബന്ധിച്ച ആശങ്ക പരിശോധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ മന്ത്രിയെ തിരുത്തി മുഖ്യമന്ത്രി പ്രസ്താവിച്ചത്. പരിശോധനക്ക് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു അദ്ദേഹം. വാക്‌സീനെടുത്തിട്ടും ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ തുടരെ റിപോര്‍ട്ട് ചെയ്തിട്ടും ഇതേക്കുറിച്ച് ഇതുവരെയും വിദഗ്ധ പരിശോധന നടത്തിയില്ലെന്നത് ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള കടുത്ത വീഴ്ചയാണ്.
സംസ്ഥാനത്ത് പേവിഷബാധ നിയന്ത്രിക്കാന്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകള്‍ ചേര്‍ന്ന് കര്‍മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് കഴിഞ്ഞ വാരത്തില്‍. തെരുവുനായ ശല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗമാണ് പദ്ധതി ആവിഷ്‌കരിച്ചത്. തെരുവുനായകളുടെ പ്രജനനം കുറക്കാന്‍ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കുക, ഇതോടൊപ്പം നായകള്‍ക്ക് വാക്സീനേഷനും നടത്തുക, വളര്‍ത്തുനായകളുടെ വാക്സീനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പാക്കുന്നു എന്നുറപ്പാക്കുക, ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് പദ്ധതിയില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ സൗകര്യങ്ങള്‍ക്കായി പ്രത്യേക സെന്ററുകള്‍ തയ്യാറാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ എ ബി സി പദ്ധതി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പെട്ടെന്ന് നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് അധികൃതരില്‍ നിന്നുള്ള വിവരം.

ആദ്യമായി ഇതുസംബന്ധിച്ച് ജില്ലാ മൃഗസംരക്ഷണ കേന്ദ്രങ്ങളും തദ്ദേശ സ്ഥാപനങ്ങളും ചര്‍ച്ച നടത്തി പദ്ധതി നിര്‍വഹണ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. തുടര്‍ന്ന് ശസ്ത്രക്രിയ ഉള്‍പ്പെടെ ചെയ്യാന്‍ സൗകര്യമുള്ള സെന്ററുകളുടെ ലഭ്യത പരിശോധിക്കുകയും ഉള്ളവയുടെ കണക്കെടുക്കുകയും വേണം. എന്നിട്ടു വേണം സൗകര്യങ്ങള്‍ ഒരുക്കാനും പുതിയവ തുടങ്ങുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനും അതിനുള്ള ഫണ്ട് കണ്ടെത്താനും. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കേണ്ടത്. ചട്ടപ്പടി പ്രകാരം കാര്യങ്ങള്‍ നീങ്ങുമ്പോള്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും പദ്ധതി തുടങ്ങാന്‍.

എ ബി സി നടപ്പാക്കിയതു കൊണ്ട് തെരുവുനായ ശല്യം പരിഹരിക്കാനാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതി പ്രകാരം തെരുവുനായകളെ പിടിച്ചു കൊണ്ടുപോയി വന്ധ്യംകരിച്ച് ചെവിയില്‍ അടയാളം വെക്കുകയും രണ്ട് ദിവസം കഴിഞ്ഞ് പിടിച്ചു കൊണ്ടുപോയ സ്ഥലത്തു തന്നെ വിടുകയുമാണ് ചെയ്യുന്നത്. ഇതുകൊണ്ട് പ്രജനനം തടയാനാകുമെന്നല്ലാതെ നായശല്യം കുറക്കാനാകില്ല. തെരുവുനായകളെ പാര്‍പ്പിക്കാന്‍ പ്രത്യേക ഷെല്‍ട്ടര്‍ സ്ഥാപിക്കുകയോ അക്രമസ്വഭാവം കാണിക്കുന്ന നായകളെ കൊല്ലുകയോ ആണ് ശരിയായ പരിഹാരം. മുന്‍കാലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നായകളെ കൊന്നൊടുക്കുകയായിരുന്നു നായശല്യം വര്‍ധിക്കുന്ന കാലത്ത് ചെയ്തിരുന്നത്. അടുത്ത കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്ത മൃഗസംരക്ഷണ നിയമ പ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന ഈ അധികാരം ഇല്ലാതായത്. നായ ശല്യം വര്‍ധിക്കുമ്പോള്‍ അവയെ കൊല്ലാന്‍ അനുമതി വേണമെന്ന അഭിപ്രായക്കാരാണ് ജനങ്ങളില്‍ ബഹുഭൂരിഭാഗവും രാഷ്ട്രീയ നേതാക്കളില്‍ പലരും. തെരുവു നായകളെ കൊല്ലാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടും നായയെ കൊല്ലാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തും സുപ്രീം കോടതിയെ സമീപിക്കുമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല നേരത്തേ രംഗത്തു വന്നിരുന്നു. അക്രമകാരികളായ നായകളെ കൊല്ലുമെന്ന് ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരിക്കെ കെ ടി ജലീല്‍ ആവര്‍ത്തിച്ചിരുന്നതാണ്. 2006ല്‍, കേരള ഹൈക്കോടതി അപകടകാരികളായ തെരുവുനായകളെ കൊല്ലാന്‍ ഉത്തരവിടുകയും സുപ്രീം കോടതി പിന്നീട് ആ ഉത്തരവ് ശരിവെക്കുകയും ചെയ്തിരുന്നു. ഏതായാലും നായശല്യം പരിഹരിക്കുന്നതിന് ഭരണതലത്തില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട.്‌

Latest