National
കെജ്‌രിവാള്‍ സര്‍ക്കാര്‍ ചെലവില്‍ ഷീഷ്മഹല്‍ നിര്‍മിച്ചെന്ന ആരോപണം; ബിജെപിയ്ക്ക് മറുപടിയുമായി എഎപി
ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി| ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ ഷീഷ്മഹല്‍ ആരോപണങ്ങളുമായി രംഗത്തെത്തിയ ബി ജെ പിയ്ക്ക് മറുപടിയുമായി എഎപി. കെജ്രിവാള്‍ വ്യക്തിപരമായ ആഡംബരത്തിനായി പഞ്ചാബ് സര്‍ക്കാറിന്റെ സ്വത്തുക്കള്‍ ഉപയോഗിക്കുന്നുവെന്നാണ് ബി ജെ പി ആരോപിക്കുന്നത്. ചണ്ഡീഗഢിലെ സെക്ടര്‍ 2ല്‍ മുഖ്യമന്ത്രിയുടെ ക്വാട്ട ഉപയോഗിച്ച് കെജ്രിവാളിനായി രണ്ട് ഏക്കര്‍ സ്ഥലത്ത് ആഡംബരപൂര്‍ണമായ ഏഴ് സ്റ്റാര്‍ ബംഗ്ലാവ് ഒരുക്കുന്നുവെന്ന് ബിജെപിയുടെ ഡല്‍ഹി ഘടകം എക്‌സില്‍ ആരോപിച്ചു.
കെജ്രിവാളിനെ പഞ്ചാബിന്റെ ”സൂപ്പര്‍ സി എം” എന്ന് വിശേഷിപ്പിച്ച ബി ജെ പി, സാധാരണക്കാരന്‍ ചമയുന്ന എ എ പി നേതാവ് വീണ്ടും മറ്റൊരു ”ഷീഷ്മഹല്‍” നിര്‍മ്മിച്ചിരിക്കുന്നുവെന്ന് പരിഹസിച്ചു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ആം ആദ്മി പാര്‍ട്ടി തള്ളി. ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. പ്രധാനമന്ത്രിക്കായി വ്യാജ യമുന നിര്‍മിച്ചത് പുറംലോകം അറിഞ്ഞതു മുതല്‍ ബിജെപിയുടെ നിലവിട്ടിരിക്കുകയാണെന്ന് എഎപി വ്യക്തമാക്കി. വ്യാജ യമുന നിരാശയില്‍ എല്ലാം വ്യാജമായുണ്ടാക്കുകയാണ് ബിജെപി. വ്യാജ യമുന, വ്യാജ മലിനീകരണ തോത്, മഴയെക്കുറിച്ചുള്ള വ്യാജ അവകാശവാദം. അതിനൊപ്പം ഇപ്പോഴുള്ള വ്യാജ സെവന്‍ സ്റ്റാര്‍ ബംഗ്ലാവ് ആരോപണവുമെന്ന് എഎപി പ്രതികരിച്ചു.
ഡല്‍ഹിയിലെ ഷീഷ്മഹല്‍ ഒഴിഞ്ഞ ശേഷം, പഞ്ചാബിലെ ‘സൂപ്പര്‍ സി എം’ അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ പഞ്ചാബില്‍ കൂടുതല്‍ മനോഹരമായ ഷീഷ്മഹല്‍ ഒരുക്കിയിരിക്കുന്നു. ചണ്ഡീഗഢിലെ സെക്ടര്‍ 2-ല്‍ മുഖ്യമന്ത്രിയുടെ ക്വാട്ടയില്‍ നിന്ന് കെജ്രിവാളിന് 2 ഏക്കറില്‍ പരന്നുകിടക്കുന്ന ഏഴ് സ്റ്റാര്‍ സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിച്ചു” ആരോപിക്കപ്പെടുന്ന ബംഗ്ലാവിന്റെ ഉപഗ്രഹ ചിത്രം പങ്കുവെച്ചുകൊണ്ട് ബി ജെ പി എക്സില്‍ കുറിച്ചത്. ബി ജെ പി മാത്രമല്ല, എ എ പി രാജ്യസഭാ എം പി സ്വാതി മലിവാളും ഈ ചിത്രം പങ്കുവെച്ചു. ബംഗ്ലാവിന് പുറമെ കെജ്രിവാള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വിമാനം ഉപയോഗിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി.



