Connect with us

meeladunnabi

അപര പരിഗണനയുടെ തിരു മാതൃക

അതിരുകളില്ലാതെ, ഉപാധികളില്ലാതെ, തങ്ങളുടെ ജീവനേക്കാൾ കൂടുതൽ ആളുകൾ ഒരാളെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് തിരുനബി (സ) യെ മാത്രമാണ്. സ്നേഹിക്കപ്പെടാൻ കാരണമാകുന്നത് മാത്രമായിരുന്നു അവിടുത്തെ ജീവിതം. എല്ലാം പാഠങ്ങളായിരുന്നു. അപരരിൽ ലയിച്ച്, അവരെ ഋജുമായ മാർഗത്തിൽ വഴിനടത്തി, അവരുടെ വിജയത്തിൽ അതിരില്ലാതെ സന്തോഷിച്ച്, ജീവിതം മുഴുവൻ ലോക ജനതക്ക് മുമ്പിൽ തുറന്നുവെച്ച പഠന പുസ്തകമായിരുന്നു തിരുനബി (സ).

ഹുബ്ബ് (സ്നേഹം/ പ്രണയം) ലയനമാണ്. രണ്ട് ഒന്നാവുന്ന അപൂർവതയാണ്. ഐക്യപ്പെടലോ പങ്കുകാരനാവലോ പിന്തുണക്കലോ ഒന്നുമല്ലത്. പ്രണയം എന്ന മലയാള പദത്തിന് നിഘണ്ടുവിൽ വെണ്ണ/എണ്ണ എന്നെല്ലാം അർഥം കാണാം. മെഴുക്ക്, ഈർപ്പം തുടങ്ങിയതാണ് എണ്ണയുടെ അടിസ്ഥാന സ്വഭാവം. കുടുങ്ങിക്കിടക്കുന്ന ഒന്നിനെ എളുപ്പത്തിൽ കുരുക്കഴിക്കാൻ സഹായകരമാകുന്നതാണ് എണ്ണ. രണ്ടാളുകൾക്കിടയിലെ കുരുക്കഴിച്ച്, ഒന്നാക്കി വിളക്കിച്ചേർക്കുന്ന എണ്ണയാണ് പ്രണയമെന്ന് വിശദീകരിക്കാം.

പ്രത്യേകിച്ച് മഹബ്ബത്തുന്നബി (തിരുനബിയോടുള്ള ഇഷ്ടം). അതിരുകളില്ലാതെ, ഉപാധികളില്ലാതെ, തങ്ങളുടെ ജീവനേക്കാൾ കൂടുതൽ ആളുകൾ ഒരാളെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് തിരുനബി (സ) യെ മാത്രമാണ്. സ്നേഹിക്കപ്പെടാൻ കാരണമാകുന്നത് മാത്രമായിരുന്നു അവിടുത്തെ ജീവിതം. വെറുതെ എന്ന് തോന്നുന്ന ഒരു ചലനം പോലും ആ മഹിത ജീവിതത്തിൽ നിന്നുണ്ടായിട്ടില്ല. എല്ലാം പാഠങ്ങളായിരുന്നു. അപരരിൽ ലയിച്ച്, അവരെ ഋജുമായ മാർഗത്തിൽ വഴിനടത്തി, അവരുടെ വിജയത്തിൽ അതിരില്ലാതെ സന്തോഷിച്ച്, ജീവിതം മുഴുവൻ ലോക ജനതക്ക് മുമ്പിൽ തുറന്നുവെച്ച പഠന പുസ്തകമായിരുന്നു തിരുനബി (സ).

സ്നേഹമായിരുന്നു തിരുനബി(സ). “ലോകർക്ക് മുഴുവൻ കാരുണ്യമായിട്ടാണ് അങ്ങയെ നാം അയച്ചതെന്ന്’ ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. അതുകൊണ്ടു തന്നെ തിരുനബിയുമായി ഇടപ്പെട്ടവരെല്ലാം ആ സ്‌നേഹവലയത്തിൽ ആകൃഷ്ടരായിരുന്നു. അത്രയും മികച്ചതായിരുന്നു അവിടുത്തെ പെരുമാറ്റം. പുഞ്ചിരിയോടെയല്ലാതെ അവിടുന്ന് ആരെയും സ്വീകരിക്കുമായിരുന്നില്ല. അവിടുത്തോളം മികച്ച സ്വഭാവമുള്ള മറ്റൊരാളെയും താൻ കണ്ടിട്ടില്ലെന്ന് പത്ത് വർഷത്തോളം അവിടുത്തേക്ക് സേവനം ചെയ്ത അനസ്(റ) പറഞ്ഞിട്ടുണ്ട്. ഇഷ്ടമില്ലാത്ത ഒരു കാര്യം ഞാൻ ചെയ്തു പോയാൽ എന്തിനങ്ങനെ ചെയ്‌തെന്നോ ചെയ്യേണ്ട കാര്യം ചെയ്യാതിരുന്നാൽ എന്തുകൊണ്ട് ചെയ്തില്ലെന്നോ മുത്തുനബി(സ) ഗൗരവത്തോടെ തന്നോടു ചോദിച്ചിരുന്നില്ലെന്ന് അനസ് തങ്ങൾ കൂട്ടിച്ചേർക്കുന്നുണ്ട്.

വളരെ ചെറിയ കാര്യങ്ങൾ വരെ അവിടുന്ന് അന്വേഷിക്കും. മറ്റുള്ളവരുടെ സന്തോഷവും സന്താപവും മനസ്സിരുത്തി കേൾക്കും. അനസ് (റ) വിന് ഒരു സഹോദരനുണ്ടായിരുന്നു. അബൂ ഉമൈർ എന്നായിരുന്നു അവരുടെ പേര്. ഉമ്മയൊത്ത സഹോദരൻ. അഥവാ, രണ്ട് പേരുടെയും മാതാവ് ഒന്നും പിതാവ് വേറെയുമായിരുന്നു. അനസ് തങ്ങളുടെ പിതാവ് മരണപ്പെട്ട ശേഷം അബൂത്വൽഹ(റ)യാണ് അനസ് തങ്ങളുടെ ഉമ്മയെ വിവാഹം കഴിച്ചത്. ആ ബന്ധത്തിലാണ് അബൂ ഉമൈർ ജനിക്കുന്നത്. അതുകൊണ്ട് തന്നെ അനസ് എന്നവരോടെന്നപോലെ തന്നെ അബൂ ഉമൈറിനോടും തിരുനബിക്ക് പ്രത്യേക സ്നേഹവും പരിഗണനയുമുണ്ടായിരുന്നു. ചെറുപ്പത്തിൽ അബൂ ഉമൈർ എന്നവർക്ക് ഒരു കുഞ്ഞു വളർത്തു കിളിയുണ്ടായിരുന്നു. ജീവനുതുല്യം സ്നേഹിച്ചുകൊണ്ടാണ് അബൂ ഉമൈർ ആ കിളിയെ വളർത്തിയത്. മുത്ത് നബി വീട്ടിലെത്തുമ്പോഴെല്ലാം അബൂ ഉമൈറിനെയും അടുത്തു വിളിക്കും. കിളിയെ കുറിച്ച് കുശലം ചോദിക്കും. അബൂ ഉമൈർ ആവേശത്തോടെ അവരുടെ കിളിയുടെ കഥ അവിടുത്തേക്ക് പറഞ്ഞു കൊടുക്കും. ഒരിക്കൽ തിരുനബി വന്നപ്പോൾ അബൂ ഉമൈർ സങ്കടപ്പെട്ടിരിക്കുന്നതാണ് കണ്ടത്. കാരണമാരഞ്ഞപ്പോൾ കിളി ചത്തുപോയതാണെന്ന് മനസ്സിലായി. അവിടുന്ന് അബൂ ഉമൈറിന്റെ സങ്കടത്തിൽ പങ്കുചേർന്നു. അവർക്ക് പറയാനുള്ളത് മുഴുവൻ കേട്ടിരുന്നു. അബൂ ഉമൈറിന്റെ സങ്കടത്തെ അവിടുന്നും മനസ്സിലേക്കാവാഹിച്ചു. ഇതായിരുന്നു തിരുനബി(സ).

അപര പരിഗണനയുടെ പാഠങ്ങൾ വിശ്വാസി ലോകം തിരുനബിയിൽ നിന്ന് പകർത്തണം. തന്റെ സദസ്സിൽ സ്ഥിരമായി വരുന്നവരെ കണ്ടില്ലെങ്കിൽ അവിടുന്ന് അന്വേഷിക്കും. അവധി നീണ്ടാൽ അദ്ദേഹത്തെ തേടി വീട്ടിലേക്ക് ചെല്ലും. സ്ഥലത്തില്ലെങ്കിൽ പ്രാർഥിച്ചു കൊടുക്കും.
യുദ്ധ സമയത്ത് കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും അവിടുന്ന് പ്രത്യേകം പരിഗണിച്ചിരുന്നു. അവർക്ക് ആപത്ത് വരാതിരിക്കാൻ സുരക്ഷാ നിർദേശങ്ങൾ അനുചരന്മാർക്ക് കൈമാറിയിരുന്നു. യുദ്ധത്തിൽ പങ്കെടുക്കാനുള്ള ആവേശത്തോടെ കുട്ടികൾ തിരുനബിയെ സമീപിക്കും. എന്നിട്ടവർ പറയും: അല്ലാഹുവിന്റെ റസൂലെ, ഞങ്ങളുമുണ്ട് യുദ്ധത്തിന്. ഞങ്ങൾക്കും പോരാടണം, ശത്രുക്കളെ തോൽപ്പിക്കണം. ഞങ്ങൾക്കതിന് അനുവാദം തരണം’ എന്നാൽ തിരുനബി വിസമ്മതിക്കും. അവർക്ക് യുദ്ധത്തിന്റെ കെടുതികളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കും. കുട്ടികളായ നിങ്ങളെ നോക്കാൻ അവിടെ മറ്റുള്ളവർക്ക് സമയമുണ്ടാകില്ലെന്ന് ഉപദേശിക്കും. അവരെ പിന്തിരിപ്പിക്കും.

വലിയവരോടും അവിടുത്തെ സ്വഭാവം കാരുണ്യത്തിന്റേത് തന്നെയായിരുന്നു. മുമ്പിലൊരു വൃദ്ധയായ സ്ത്രീ നടന്നു പോകുന്നു. ഊടുവഴിയാണ്. തിരുനബിക്ക് അവരെ മറികടക്കാൻ സ്ഥലമില്ല. പിറകിൽ നബിയുള്ള വിവരം ഈ സ്ത്രീക്ക് അറിയുകയുമില്ല. തിരുനബി അതവരെ ഉണർത്താനും മുതിർന്നില്ല. ഇതുകണ്ട മൂന്നാമതൊരാൾ ആ സ്ത്രീ കേൾക്കെ ഉറക്കെ വിളിച്ചു പറഞ്ഞു: ഹേയ് തള്ളേ, നിങ്ങൾക്കൊന്നു വഴിമാറിക്കൊടുത്തുകൂടെ? അല്ലാഹുവിന്റെ റസൂലല്ലേ നിങ്ങളുടെ പിന്നിൽ? പെട്ടെന്നാണ് തന്റെ പിന്നിലുള്ളത് തിരുനബിയാണെന്ന് ആ വൃദ്ധയായ സ്ത്രീ തിരിച്ചറിഞ്ഞത്. അവർ ചെറിയ പേടിയോടെ വഴിയിൽ നിന്ന് മാറി നിന്നു. താൻ ചെയ്തത് മര്യാദകേടാണോയെന്ന ജാള്യത അവരുടെ മുഖത്തുണ്ടായിരുന്നു. അതു മനസ്സിലാക്കിയ അശ്റഫുൽ ഖൽഖ് (സ) അവരോട് പറഞ്ഞു: “ഉമ്മാ, നിങ്ങളെന്തിനാണിങ്ങനെ പേടിച്ചു വിറക്കുന്നത്? നിങ്ങളെപ്പോലെ ഒട്ടകത്തിന്റെ ഉണക്കമാംസം തിന്നുവളർന്ന ഒരുമ്മയുടെ മകനാണല്ലോ ഞാനും’. മറ്റുള്ളവരിൽ നിന്ന് തന്നെ വേറിട്ടു കാണാൻ അവിടുന്ന് ആഗ്രഹിച്ചിരുന്നില്ല. ആടുമേക്കാനും അടുക്കളയിൽ പാചകം ചെയ്യാനും സൈനിക നേതൃത്വമാകാനും രാജ്യ തന്ത്രങ്ങൾ മെനയാനും അവിടുന്ന് ഒരേ സമയം സന്നദ്ധമായിരുന്നു. അപരനെ അകറ്റുന്ന ഒന്നും അവിടുത്തെ സ്വഭാവത്തിലുണ്ടായിരുന്നില്ല. നിങ്ങളെങ്ങാനും പരുക്കൻ സ്വഭാവക്കാരനായിരുന്നെങ്കിൽ ആളുകൾ നിങ്ങളിൽ നിന്ന് അകന്നുപോകുമായിരുന്നുവെന്നർഥംവരുന്ന വിശുദ്ധ ഖുർആനിക സൂക്തം അതിലേക്കാണ് വെളിച്ചം വീശുന്നത്. ലോകത്തെ ഏറ്റവും മഹത്തരമായ സ്വഭാവത്തിന്റെ ഉടമയും കരുണക്കടലുമായിരുന്നു തിരുനബി (സ).

തിരുനബി സ്വഹാബാക്കളോടൊന്നിച്ചുള്ള ഒരു യാത്രാമധ്യേ, യാത്രാ സംഘം വിശന്നവശരായപ്പോൾ ഒരാടിനെ അറുത്ത് ഭക്ഷിക്കാൻ അവർ തീരുമാനിച്ചു. ഒരാൾ ആടിനെ അറുക്കാൻ സന്നദ്ധനായി. മറ്റൊരാൾ ആടിന്റെ തോലൂരാൻ മുന്നോട്ട് വന്നു. ഈ സന്ദർഭത്തിൽ തിരുനബി പറഞ്ഞു: “ആവശ്യമായ വിറകുകൾ ഞാൻ ശേഖരിക്കാം’. ഇത് കേൾക്കേണ്ട താമസം സ്വഹാബികൾക്ക് വിഷമമായി. അവർ പറഞ്ഞു: വേണ്ട നബിയെ ഞങ്ങൾ ചെയ്‌തോളം. തിരുനബി പ്രതിവചിച്ചു: ഞാൻ നിങ്ങളിൽ ഒരാളായിരിക്കുവനാണാഗ്രഹിക്കുന്നത്. അധികാരവും അനുയായികളും ഗമനടിക്കാനും തന്റെ കൽപ്പന അംഗീകരിക്കാനും വേണ്ടി ഉള്ളവർ മാത്രമാണ് എന്ന് കരുതുന്ന ആധുനിക നേതാക്കൾക്ക് മുമ്പിൽ തിരുനബി പറഞ്ഞു വെച്ചു “സമുദായ നേതാവ് ആ സമൂഹത്തിന്റെ സേവകനാണ്’ .

അനാഥകൾക്കും അഗതികൾക്കും അശരണർക്കും അവിടുന്ന് അത്താണിയായിരുന്നു. അനസ് (റ)വിനെ തൊട്ട് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം പെരുന്നാൾ സുദിനത്തിൽ പള്ളിയിലേക്ക് പുറപ്പെട്ട തിരുനബി, വഴിമധ്യേ നുരുമ്പിയ വസ്ത്രം ധരിച്ച് വിതുമ്പിക്കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ അരികിൽ ചെന്ന് ചോദിച്ചു: മോനെന്തിനാ കരയുന്നത്? തന്റെ മുമ്പിലൂടെ പുതുവസ്ത്രങ്ങളണിഞ്ഞ് ആർത്തുല്ലസിച്ച് സന്തോഷിക്കുന്ന സമപ്രായക്കാരിലേക്ക് നോക്കി ആ പിഞ്ചുബാലൻ മുമ്പിൽ നിൽക്കുന്നത് തിരുദൂതരാണെന്നറിയാതെ വിതുമ്പി: ഹേ… മനുഷ്യ, എന്റെ ഉപ്പ പ്രവാചകരോടൊപ്പം നടത്തിയ ഒരു യുദ്ധത്തിൽ മരണപ്പെട്ടു. ഉമ്മ വേറെ വിവാഹം കഴിച്ചു, പലകാരണങ്ങൾ കൊണ്ടും ഞാനാവീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇന്നെനിക്ക് വസ്ത്രമില്ല, വീടില്ല, വെള്ളമില്ല… എന്റെ കൂട്ടുകാരെല്ലാം പുതുവസ്ത്രങ്ങളണിഞ്ഞ് കളിച്ച് രസിച്ച് ഉപ്പമാരുടെ കൈ പിടിച്ച് പള്ളിയിലേക്ക് പോകുന്നത് കണ്ടപ്പോൾ എന്റെ ഉപ്പയേ അലോചിച്ചുപോയതാണ് ഞാൻ കരയാനുള്ള കാരണം.

ഇതു കേൾക്കേണ്ട താമസം ആവശ്യക്കാരന്റെ ആവശ്യം മനസ്സിലാക്കി പ്രതികരിക്കുന്ന തിരുനബി ആ കുഞ്ഞു മോനോട് ചോദിച്ചു: ഞാൻ നിന്റെ ഉപ്പയും ആഇശ നിന്റെ ഉമ്മയും അലിയാര് നിന്റെ എളാപ്പയും ഹസൻ ഹുസൈൻ നിന്റെ സഹോദരങ്ങളും ഫാത്വിമ നിന്റെ സാഹോദരിയുമാകുന്നതിനെ നീ ഇഷ്ടപ്പെടുന്നുണ്ടോ? ആ കുഞ്ഞുമോൻ സർവസമ്മതനായി.
ലോകത്ത് തനിക്ക് കിട്ടുന്നതിൽ വെച്ച് ഏറ്റവും വലിയ ഭാഗ്യത്തെ ആവേശത്തോടെ സ്വീകരിച്ചു. ഇതായിരുന്നു തിരുനബി. സംസ്‌കാരവും സത്‌സ്വഭാവവും സ്നേഹവും പരിഗണനയും മാനവികതയും തുടങ്ങി മാനുഷിക സ്വഭാവത്തിന്റെ അടിസ്ഥാന ഗുണം പോലുമില്ലാതിരുന്ന ഒരു സമൂഹത്തെ മൃഗീയതയിൽ നിന്ന് മഹിത സ്വഭാവത്തിലേക്ക് പരിവർത്തിപ്പിച്ചത് തിരുനബിയായിരുന്നു.

Latest