Connect with us

kuvait fire accident

23 മലയാളികള്‍ക്ക് കണ്ണീരണിഞ്ഞ അന്ത്യാഞ്ജലി

ഹൃദയ ഭേദകമായ നിമിഷങ്ങള്‍ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്.

Published

|

Last Updated

കൊച്ചി | കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് കേരളം അന്ത്യാഞ്ജലിയര്‍പ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനത്തിനുവെച്ച 23 മൃതദേഹങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു. പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം.

മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും പ്രിയപ്പെട്ടവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചു. വിതുമ്പിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ പാടുപെട്ടു. ഹൃദയ ഭേദകമായ നിമിഷങ്ങള്‍ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം ആംബുലന്‍സുകളില്‍ അതാത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. ഓരോ ആംബുലന്‍സിനേയും ഒരു അകമ്പടി വാഹനം അനുഗമിക്കുന്നുണ്ട്.

തമിഴ്‌നാട്ടുകാരായ ഏഴു പേരുടെയും മൃതദേഹം ആംബുലന്‍സുകളില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും.രാവിലെ 10.30ഓടെ ആണ് മൃതദേഹങ്ങളുമായി വന്ന വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. കസ്റ്റംസ് ക്ലിയറന്‍സിനുശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തേക്ക് മൃതദേഹം മാറ്റുകയായിരുന്നു.

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങി. 23 മലയാളികളുടെയും ഏഴു തമിഴ്‌നാട്ടുകാരുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. ബാക്കി 14 മൃതദേഹങ്ങളുമായി വിമാനം ഡല്‍ഹിയിലേക്ക് പോതിരിച്ചു.

---- facebook comment plugin here -----

Latest