Uae
സ്‌കൂളുകളിൽ കൃത്രിമബുദ്ധി പഠനത്തിന് സംവിധാനമൊരുങ്ങുന്നു
മൂന്ന് വ്യത്യസ്ത സമീപനങ്ങളാണ് സ്‌കൂളുകൾ ആരംഭിക്കുന്നത്.

ദുബൈ|അടുത്ത അധ്യയന വർഷം മുതൽ സ്വകാര്യ സ്‌കൂളുകൾ കൃത്രിമബുദ്ധി (എ ഐ) പഠിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുങ്ങുന്നു. പൊതുവിദ്യാലയങ്ങളിൽ എ ഐ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ നിർബന്ധിതമാണ്. ഭാവി സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ കഴിവുള്ള തലമുറയെ വാർത്തെടുക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളാണ് സ്വകാര്യ സ്‌കൂളുകൾ നടത്തുന്നത്. മൂന്ന് വ്യത്യസ്ത സമീപനങ്ങളാണ് സ്‌കൂളുകൾ ആരംഭിക്കുന്നത്. “സ്മാർട്ട് ആന്റിക്രെറ്റബിലിറ്റി’ എന്ന പേര് നൽകിയ ആദ്യ സമീപനം കമ്പ്യൂട്ടിംഗ് ക്ലാസുകളിൽ എ ഐ മൊഡ്യൂളുകൾ ഉൾപ്പെടുത്തുന്നു. “ക്വിക്ക് സൊല്യൂഷൻസ്’ എന്ന രണ്ടാമത്തെ പരിപാടിയിൽ ബാഹ്യ ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി അടിയന്തര കരാറുകൾ വഴി വേഗത്തിലുള്ള ഉള്ളടക്കം നൽകുന്നു. അതേസമയം, പ്രൈവറ്റ് സെക്ടർ പാർട്ണർഷിപ്പുകൾ പ്രത്യേക എ ഐ പാഠ്യപദ്ധതിയും അധ്യാപക പരിശീലനവും ഉറപ്പാക്കും.
എ ഐ ആശയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനൊപ്പം അധ്യാപകർക്ക് പ്രശസ്ത ടെക് കമ്പനികളുടെ പരിശീലനവും നൽകിവരുന്നുണ്ട്. ഓൺലൈൻ പരിശീലന ദാതാവുമായി കരാറിലേർപ്പെട്ടാണ് അധ്യാപകർക്ക് വേനൽക്കാല പരിശീലനം നൽകുന്നത്. എ ഐ ക്ലബ്ബുകൾ സ്ഥാപിച്ച് മെഷീൻ ലേണിംഗ് വഴി സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് പാഠ്യപദ്ധതി രൂപപ്പെടുത്തുന്നത്. എല്ലാ വിദ്യാർഥികൾക്കും സാങ്കേതികേതര വിഷയങ്ങൾ പഠിക്കുന്നവർക്ക് പോലും എ ഐ ഉത്തരവാദിത്തപൂർവം ഉപയോഗിക്കാൻ പരിശീലനം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കും ഇത്.
അതേസമയം, സ്വകാര്യ സ്‌കൂളുകൾക്ക് എ ഐ പഠനത്തിനും അധ്യാപക പരിശീലനം, ടെക് കമ്പനികളുമായുള്ള പങ്കാളിത്തം, പരിശോധനാ ഫലങ്ങൾ രേഖപ്പെടുത്തൽ എന്നിവക്ക് ഒരു ചട്ടക്കൂട് ആവശ്യമാണെന്നും സ്‌കൂളുകളുടെ സാങ്കേതിക, അടിസ്ഥാന സൗകര്യ വ്യത്യാസങ്ങൾ ഒരു വെല്ലുവിളിയാണെന്നും സ്‌കൂളുകൾ വ്യക്തമാക്കുന്നുണ്ട്.