Editorial
കൂപ്പുകുത്തുന്ന രൂപ; രൂക്ഷമാകുന്ന പ്രതിസന്ധി
ഒറ്റയടിക്ക് നിയന്ത്രിക്കാവുന്ന ഒരു പ്രതിഭാസമല്ല രൂപയുടെ തകര്‍ച്ച. ദീര്‍ഘകാല സാമ്പത്തിക കാഴ്ചപ്പാടില്‍ സാധിച്ചെടുക്കേണ്ട രാഷ്ട്രീയ ദൗത്യമാണത്.
രൂപയുടെ മൂല്യം അടിക്കടി ഇടിഞ്ഞു കൊണ്ടിരിക്കുന്നു. ഇന്നലെ അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം തൊണ്ണൂറിന് മുകളിലെത്തി. 90.43 രൂപയാണ് ഡോളറിന്റെ ഇന്നലത്തെ വില. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ഈ വര്‍ഷം ആഗോളതലത്തില്‍ ഡോളറിനെതിരെ മൂല്യത്തകര്‍ച്ച നേരിട്ട കറന്‍സികളില്‍ മുന്‍നിരയിലാണ് ഇന്ത്യന്‍ രൂപ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ, ജനങ്ങളുടെ ജീവിതച്ചെലവ്, വ്യാപാര തുലനങ്ങള്‍, വിദേശ കടബാധ്യതകള്‍ തുടങ്ങിയവയെ എല്ലാം നേരിട്ട് ബാധിക്കുന്നതാണ് രൂപയുടെ മൂല്യ ഇടിവ്.
ഇന്ത്യ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച തീരുവ യുദ്ധം, ഓഹരി വിപണികളില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഇറക്കുമതി-കയറ്റുമതിയിലെ അസന്തുലിതാവസ്ഥ തുടങ്ങിയവയാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്ക ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തിയതോടെ അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി വന്‍തോതില്‍ കുറഞ്ഞു. ഇന്ത്യയുടെ പ്രധാന കയറ്റുമതി വ്യവസായങ്ങളായ തുണിത്തരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍തോതില്‍ ഇടിവ് സംഭവിക്കുകയും ചെയ്തു.
അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയതാണ് മറ്റൊരു കാരണം. ലോകമെമ്പാടുമുള്ള നിക്ഷേപങ്ങളുടെ അമേരിക്കയിലേക്കുള്ള ഒഴുക്ക് ഇത് ശക്തിപ്പെടുത്തി. ‘ഡോളര്‍ സുരക്ഷിത നിക്ഷേപ’മെന്ന ചിന്താഗതി വളര്‍ന്നു വരുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന പ്രവണതയും ശക്തിപ്പെടും. സ്വാഭാവികമായും ഇത് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് പിന്നെയും ആക്കംകൂട്ടും. ഇറക്കുമതി-കയറ്റുമതിയിലെ അസന്തുലിതാവസ്ഥയും രൂപയെ പ്രതികൂലമായി ബാധിക്കുന്നു. എണ്ണ, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വിവിധ വ്യവസായങ്ങളുമായി ബന്ധപ്പെട്ട യന്ത്രഭാഗങ്ങള്‍, പ്രതിരോധ സാമഗ്രികള്‍ തുടങ്ങിയവയുടെ ഇറക്കുമതി രാജ്യത്ത് വര്‍ധിച്ചു വരികയാണ്. അതേസമയം ടെക്സ്റ്റയില്‍സ്, കൃഷി തുടങ്ങിയവയുടെ കയറ്റുമതി ചൈനയുടെയും മറ്റും കടന്നുകയറ്റം മൂലം കുറഞ്ഞുവരികയും ചെയ്യുന്നു.
ഒരു താത്കാലിക പ്രതിഭാസമല്ല രൂപയുടെ വിലയിടിവ്. വര്‍ഷങ്ങളായി ഇന്ത്യന്‍ രൂപക്ക് മോശം കാലാവസ്ഥയാണ്. ഒരു വര്‍ഷത്തിനിടെയാണ് രൂപയുടെ മൂല്യം 85ല്‍ നിന്ന് 90ന് മുകളിലേക്ക് ഇടിഞ്ഞത്. മുന്‍കാലങ്ങളില്‍ ഒന്നര വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള കാലയളവിലായിരുന്നു അഞ്ച് രൂപയുടെ മൂല്യത്തകര്‍ച്ച അനുഭവപ്പെട്ടത്. സ്വാഭാവികമായും ഇത് വിദേശ നിക്ഷേപങ്ങളിലും ഇറക്കുമതി-കയറ്റുമതി മേഖലയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. രൂപയുടെ മൂല്യം 90ന് മുകളിലേക്ക് ഇടിയുന്നതോടെ ഇന്ത്യയിലെ ഓഹരികള്‍ പിന്‍വലിക്കാന്‍ വിദേശ നിക്ഷേപകര്‍ തിടുക്കം കൂട്ടുക സ്വാഭാവികമാണ്. നടപ്പുവര്‍ഷം ഇതുവരെയായി വിദേശ നിക്ഷേപകര്‍ ഏകദേശം 1.5 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം പിന്‍വലിച്ചതായാണ് കണക്ക്. ഇറക്കുമതിക്കാര്‍ കൂടുതല്‍ നഷ്ടം ഒഴിവാക്കുന്നതിന് ഡോളര്‍ വാങ്ങിക്കൂട്ടുന്നതും രൂപയെ ദോഷകരമായി ബാധിക്കുന്നു.
ഇറക്കുമതി ചെലവില്‍ വരുന്ന വര്‍ധനയാണ് മൂല്യത്തകര്‍ച്ചയുടെ ഏറ്റവും വലിയ പ്രത്യാഘാതം. രാജ്യത്തിനാവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രൂപയുടെ മൂല്യം കുറയുന്നതോടെ എണ്ണ ഇറക്കുമതിക്ക് കൂടുതല്‍ പണം ചെലവിടേണ്ടി വരും. മാത്രമല്ല, ഇന്ധന വില ഉയര്‍ത്താന്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇത് ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനച്ചെലവും ഗതാഗതച്ചെലവും വര്‍ധിക്കാനിടയാക്കുകയും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുതിച്ചുയരുകയും ചെയ്യും. മരുന്നുകള്‍, വീട്-കെട്ടിട നിര്‍മാണ സാമഗ്രികള്‍, വാഹനം തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ചെലവ് വര്‍ധിക്കും.
രൂപയുടെ തകര്‍ച്ച കൊണ്ട് നേട്ടം കൊയ്യുന്നവരുണ്ട് രാജ്യത്ത്. പ്രവാസികളാണ് ഒന്ന്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുമ്പോള്‍ ദീനാര്‍, ദിര്‍ഹം തുടങ്ങിയ ഗള്‍ഫ് കറന്‍സികള്‍ക്ക് മൂല്യം വര്‍ധിക്കുകയും നാട്ടിലേക്കയക്കുന്ന വിദേശ കറന്‍സികള്‍ക്ക് കൂടുതല്‍ രൂപ ലഭിക്കുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രവാസ മേഖലയില്‍ നിന്ന് നാട്ടിലേക്കുള്ള പണമൊഴുക്ക് ശക്തിപ്പെടുക പതിവാണ്. യു എ ഇയില്‍ നിന്ന് പലരും പതിവായി നാട്ടിലേക്ക് അയക്കുന്നതിന്റെ രണ്ട്-മൂന്ന് ഇരട്ടി സംഖ്യ ഇപ്പോള്‍ അയക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ടൂറിസം മേഖലയാണ് രൂപയുടെ തകര്‍ച്ച ഗുണകരമായി ഭവിക്കുന്ന മറ്റൊരു മേഖല. രൂപയുടെ മൂല്യത്തകര്‍ച്ച വിദേശികള്‍ക്ക് ഇന്ത്യന്‍ സന്ദര്‍ശനത്തിനുള്ള ചെലവ് കുറക്കും. ഇതൊന്നും പക്ഷേ, രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസവും ദുരിതവും കണക്കിലെടുക്കുമ്പോള്‍ വലിയ നേട്ടമായി കാണാനാകില്ല.
പ്രധാന വ്യവസായ-കാര്‍ഷിക മേഖലകളില്‍ മത്സരക്ഷമത ശക്തിപ്പെടുത്തി കയറ്റുമതി വര്‍ധിപ്പിക്കുക, ഇറക്കുമതി കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, പ്രതിരോധ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുക, ചൈന, റഷ്യ തുടങ്ങി പ്രധാന വ്യാപാരി പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തി വ്യാപാര മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുക തുടങ്ങിയവയാണ് രൂപയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ടെങ്കിലും റഷ്യയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി വളരെ കുറവാണ്. ഇത് മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. റഷ്യന്‍ പ്രസിഡന്റ് ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ സമയമാണിത്. ഈ സന്ദര്‍ഭം നന്നായി ഉപയോഗപ്പെടുത്തിയാല്‍ അത് രാജ്യത്തിന് ഗുണകരമാകും. ഒറ്റയടിക്ക് നിയന്ത്രിക്കാവുന്ന ഒരു പ്രതിഭാസമല്ല രൂപയുടെ തകര്‍ച്ച. ദീര്‍ഘകാല സാമ്പത്തിക കാഴ്ചപ്പാടില്‍ സാധിച്ചെടുക്കേണ്ട രാഷ്ട്രീയ ദൗത്യമാണത്.


