Kerala
ചികിത്സാപ്പിഴവിൽ കൈ നഷ്ടമായ ഒമ്പതുവയസുകാരിക്ക് ഇനി കൃത്രിമക്കൈ: സഹായം നൽകിയത് പ്രതിപക്ഷ നേതാവ്
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 11 മണിയ്ക്കാണ് ശസ്ത്രക്രിയ.
പാലക്കാട്| ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പതുവയസുകാരിക്ക് ഇന്ന് കൃത്രിമക്കൈ വച്ചു നൽകും. പാലക്കാട് പല്ലശ്ശന സ്വദേശിയായ വിനോദിനിയ്‌ക്കാണ് ഇന്ന് കൃത്രിമക്കൈ വയ്ക്കുന്ന ശസ്‌ത്രക്രിയ നടത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 11 മണിയ്ക്കാണ് ശസ്ത്രക്രിയ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമക്കൈ വെക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്നത്. അദ്ദേഹം ഇന്ന് ആശുപത്രിയിലെത്തി വിനോദിനിയെ കാണും.
കഴിഞ്ഞ സെപ്റ്റംബറിൽ വീട്ടിൽ സഹോദരങ്ങളോടൊപ്പം കളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വിനോദിനിയുടെ വലതുകൈ ഒടിഞ്ഞിരുന്നു. പിന്നാലെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ചികിത്സാപിഴവിനെ തുടർന്ന് കുട്ടിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ട സാഹചര്യമുണ്ടായി. കൈ നഷ്ടമായതിനെ തുടർന്ന് സ്കൂളിൽ പോകാനാകാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു വിനോദിനി. കൃത്രിമക്കൈ വയ്ക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിലായിരിക്കെ, കുട്ടിക്ക് കൃത്രിമക്കൈ വയ്ക്കുന്നതിനുള്ള സഹായം വി.ഡി. സതീശൻ വാഗ്ദാനം ചെയ്യുകയായിരുന്നു.





