Kerala
മദ്യപാനത്തിനിടെ തര്‍ക്കം; കമ്പത്ത് മലയാളി യുവാവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി
ഉദയകുമാര്‍ ചുറ്റികയെടുത്ത് മുഹമ്മദ് റാഫിയുടെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു.

കമ്പം | തമിഴ്‌നാട്ടിലെ കമ്പത്ത് മലയാളി യുവാവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തൃശൂര്‍ സ്വദേശിയായ മുഹമ്മദ് റാഫി (44) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗൂഡല്ലൂര്‍ സ്വദേശി ഉദയകുമാറിനെ(39) പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
കമ്പത്ത് ഗ്രില്‍ ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് റാഫി. ഈമാസം ആറിന് കമ്പത്ത് എത്തിയ റാഫി, ചെല്ലാണ്ടി അമ്മന്‍ കോവില്‍ സ്ട്രീറ്റിലുള്ള ഒരു സ്വകാര്യ ലോഡ്ജിലാണ് താമസിച്ചിരുന്നത്. അടുത്ത മുറിയില്‍ താമസിച്ചിരുന്ന കൂടലൂര്‍ ഉദയകുമാര്‍ എന്നയാളുമായി ചേര്‍ന്ന് ഇരുവരും മദ്യപിക്കുകയും ഇതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതിനു പിന്നാലെ ഉദയകുമാര്‍ ചുറ്റികയെടുത്ത് മുഹമ്മദ് റാഫിയുടെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മുഹമ്മദ് റാഫി മരിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കമ്പം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് ഉദയകുമാറിനെ അറസ്റ്റ് ചെയ്തു.