Kerala
മലമ്പുഴയില്‍ അര്‍ധരാത്രി വീട്ടിനകത്ത് പുലി; മൂന്ന് വയസ്സുകാരിയെ തട്ടിയിട്ടു
നായയെ കടിച്ചുകൊണ്ടുപോയി

പാലക്കാട് | മലമ്പുഴയില്‍ ഒറ്റമുറി വീട്ടിനുള്ളില്‍ അര്‍ധരാത്രി പുലി കയറി. വാതില്‍ തള്ളിയും മാന്തിയും തകര്‍ത്താണ് പുലി അകത്തെത്തിയത്. ഉറങ്ങിക്കിടന്ന മൂന്ന് വയസ്സുകാരിയെ പുലി തട്ടിയിട്ടു. വീട്ടിനകത്ത് കെട്ടിയിട്ട നായയെ കടിച്ചുകൊണ്ടുപോയി. മൂന്ന് കുട്ടികളും മാതാപിതാക്കളും കിടന്നുറങ്ങിയ സമയത്തായിരുന്നു പുലി കയറിയത്. കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്ത് കെട്ടിയ ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണ്
ആക്രമണത്തിനിരയായത്.
നായയെ ആക്രമിക്കുന്നതിനിടെ മൂന്ന് വയസ്സുകാരി അവനികയെ പുലി തട്ടി താഴെയിട്ടു. കുട്ടിയുടെ നിലവിളി കേട്ടുണര്‍ന്ന മാതാപിതാക്കള്‍ നായയെ കടിച്ച് പിടിച്ച് നില്‍കുന്ന പുലിയെയാണ് കണ്ടത്. ഇവര്‍ ബഹളം വെച്ചതോടെ പുലി നായയെയും കൊണ്ട് ഓടിരക്ഷപ്പെട്ടു.
കുട്ടികള്‍ക്കൊപ്പം അതേ മുറിയില്‍ തന്നെ തറയില്‍ കിടന്നിട്ടും പുലി വന്നത് മാതാവ് അറിഞ്ഞിരുന്നില്ല. മുമ്പും നായയെ ലക്ഷ്യമാക്കി പുലി ആക്രമണം നടത്തിയിരുന്നു. ഇതോടെയാണ് നായയെ വീട്ടിനകത്ത് കെട്ടിയിടാന്‍ തുടങ്ങിയത്.
പുലി അകത്തളത്തില്‍ വരെ എത്തിയതോടെ കെട്ടുറപ്പിലാത്ത വീട്ടില്‍ നെഞ്ചിടിപ്പോടെ കഴിയുകയാണ് കുടുംബം. സമീപത്ത് സമാനമായ 13 വീടുകളുണ്ട്. ഇവരും പുലി ഭീതിയിലാണ്.