Kerala
തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞു പരിക്കേറ്റ വീട്ടമ്മ മരിച്ചു
മലപ്പുറം മേലാറ്റൂര്‍ കിഴക്കുംപുറം സ്വദേശിനി സലീന (40) ആണ് മരിച്ചത്

പാലക്കാട് | തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു പരിക്കേറ്റ വീട്ടമ്മ മരിച്ചു. പാലക്കാട് അലനെല്ലൂര്‍ സ്‌കൂള്‍പടിയിലുണ്ടായ അപകടത്തില്‍ മകന്റെ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മലപ്പുറം മേലാറ്റൂര്‍ കിഴക്കുംപുറം സ്വദേശിനി സലീന (40) ആണ് മരിച്ചത്.
അപകടത്തില്‍ സലീനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ച സലീനയുടെ മകന്‍ മുഹമ്മദ് ഷമ്മാസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സലീനയും മകനും ബന്ധുവീട്ടില്‍ പോയി തിരിച്ച് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ രാത്രി 11 ഓടെയാണ് ബൈക്കിന് കുറുകെ നായചാടി അപകടം നടന്നത്.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ സലീനയ്ക്ക് ഗുരുതരമായ പരിക്കാണ് പറ്റിയത്. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.