Connect with us

Prathivaram

ഈജിപ്ഷ്യൻ ജീവിതത്തിന്റെ സർഗാത്മക ആഖ്യാനം

ആയിരത്തൊന്നു രാവുകൾ വായിച്ചു പോകുംപോലെ വായനക്കാരെ ഈജിപ്ഷ്യൻ സംസ്കാരത്തോടും സാമൂഹിക കുടുംബ ജീവിതത്തോടുമൊപ്പം മനസ്സുകൊണ്ടും ശരീരം കൊണ്ടും സഞ്ചരിക്കുന്ന ഒരു അനുഭൂതിയും പ്രതീതിയും സൃഷ്ടിക്കുന്ന നോവലാണ് കൊട്ടാരത്തെരുവ്.

Published

|

Last Updated

1988 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച അനുഗൃഹീത എഴുത്തുകാരനാണ് നജീബ് മഹ്ഫൂസ്. മുപ്പതിലേറെ നോവലുകൾ, നൂറിലേറെ ചെറുകഥകൾ, നിരവധി നാടകങ്ങൾ, ലേഖനങ്ങൾ മഹ്ഫൂസിന്റെ സാഹിത്യലോകം അത്രയും വിശാലമാണ്. 1956 -57 കാലഘട്ടത്തിൽ മഹ്ഫൂസിന്റെ നോവൽ ത്രയത്തിലെ ആദ്യ നോവലായി ലോകത്തിന് സമ്മാനിച്ച വായനാനുഭൂതിയുടെ രാജകൊട്ടാരമാണ് വ്യത്യസ്തമായ ലോകഭാഷകളിൽ വായിക്കപ്പെട്ട “കൊട്ടാരത്തെരുവ്’ എന്ന 382 പേജുകളിൽ പരന്നു കിടക്കുന്ന നോവൽ.

അറബ് ആഫ്രിക്കൻ രാജ്യമായ ഈജിപ്തിന്റെ സാമൂഹിക സാംസ്കാരിക കുടുംബ പശ്ചാത്തലങ്ങളെ സത്യസന്ധമായി ആവിഷ്കരിച്ച കൃതി, ഭ്രമിപ്പിക്കുന്ന ശൈലിയിൽ സയിദ് അഹമ്മദിന്റെയും കുടുംബത്തിന്റെയും കഥയിലൂടെ മൊത്തം ലോകത്തിന്റെ ഒരു ക്ലാസിക് കൃതിയായി കൊട്ടാരത്തെരുവ് മാറുന്നു. മഹ്ഫൂസിന്റെ എഴുത്തിന്റെ ലാളിത്യത്തിലധിഷ്ഠിതമായ മാന്ത്രികതയിൽ വായന ശരിക്കും ഒരു ലഹരിയായി ആസ്വദിക്കാവുന്ന ഒന്നാണ് കൊട്ടാരത്തെരുവ്.
സയിദ് അഹമ്മദ് എന്ന കുടുംബനാഥനിലൂടെ ഈജിപ്ഷ്യൻ പുരുഷജീവിതത്തിന്റെ താളവും താളക്കേടും പുരുഷമേധാവിത്വവും അതോടൊപ്പം കുടുംബ സ്നേഹവുമെല്ലാം ആവിഷ്കരിക്കപ്പെടുമ്പോൾ ഭാര്യയായ ആമിനയിലൂടെ ആ നാടിന്റെയും സംസ്കാരത്തിന്റെയും സ്ത്രീത്വത്തിന്റെ കുലീനതയും ശാലീനതയും വരച്ചുകാട്ടുന്നതിലൂടെ കഥ അറബ് ആഫ്രിക്കൻ കുടുംബ ജീവിതത്തിന്റെ പ്രകടമായ രണ്ട് ദ്വന്ദങ്ങളെ പ്രതിനിദാനം ചെയ്യുകയാണ് നോവലിസ്റ്റ്.
“അടുക്കള ആമിനയുടെ സാമ്രാജ്യമാണ്. അവിടെ അവർക്ക് എതിരാളികളില്ല. ഭർത്താവ് അവളെ പുകഴ്ത്തുന്നത് പോലും ആ സ്വാദുള്ള ഭക്ഷണം കഴിക്കുമ്പോളാണ്’ നോവലിലെ ഈ കാഴ്ചപ്പാടുകൾക്കപ്പുറം അകത്തളങ്ങളിൽ ഒതുങ്ങിക്കഴിയാൻ വിധിക്കപ്പെട്ട സ്ത്രീയുടെ വേദനകൾ ലോകത്തെല്ലായിടത്തും ഒരുപോലെയായിരിക്കുമെന്ന സന്ദേശം കൊട്ടാരത്തെരുവിലൂടെ മഹ്ഫൂസ് സമർത്ഥിക്കുന്നു.

ഭാര്യ ആമിനയെ വീട്ടകത്ത് തളച്ചിട്ട് അവർക്ക് പുറംയാത്രകളൊന്നും അനുവദിക്കാതിരിക്കുമ്പോൾ തന്നെ അവളെ സയിദ് അഹമ്മദ് അതിരറ്റ് സ്നേഹിക്കുന്നുമുണ്ട്. പക്ഷേ, ഒരിക്കൽമാത്രം ഭർത്താവ് നീണ്ട യാത്രയിലായ സമയത്ത് മക്കളുടെ സമ്മർദത്തിന് വഴങ്ങി ആമിന തന്റെ ചിരകാലാഭിലാഷമായ ഹസൈനാർ തങ്ങളുടെ പള്ളി കാണാൻ പുറപ്പെട്ടതിന്റെ പ്രത്യാഘാതം അത്രയും കഠിനമായത് ആ പുരുഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കുന്നു. ഈജിപ്ഷ്യൻ രീതിയനുസരിച്ച് ആമിന ചെയ്തത് അവിടുത്തെ മതാചാരമായ വലിയൊരു ശരിയായിരുന്നിട്ടും അവളെ വീട്ടിൽ നിന്നും നിർദയമായി പറഞ്ഞുവിടലിലേക്ക് എത്തിയ സയിദ് അഹമ്മദിന്റെ ചെയ്തിയെ വിമർശനാത്മകമായിത്തന്നെയാണ് മഹ്ഫൂസ് വരച്ചിടുന്നത്.

അതേ സമയം ആമിനയെന്ന സ്ത്രീ ശരിക്കും ഈജിപ്ഷ്യൻ സ്ത്രീത്വത്തിന്റെ കുലീനതയേയും ശാലീനതയേയും ഒപ്പം സൗന്ദര്യത്തേയും പ്രതിനിധീകരിക്കുമ്പോൾ നോവൽ മാനവികതക്കും ധാർമികതക്കും പ്രാധാന്യം കൽപ്പിക്കുകയും ചെയ്യുന്നു. അറബിക്കല്ല്യാണ ചടങ്ങുകളിൽ സ്ത്രീകൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും അത് കലാ സംഗീത വിരുന്നുകൾ കൂടിയാവുന്നതും ഹൃദ്യതയോടെ പലയിടത്തും മഹ്ഫൂസ് അടയാളപ്പെടുത്തുന്നു.

ഇടക്ക് ബ്രിട്ടീഷ് അധീനത്തിലായിരുന്ന അന്നത്തെ ഈജിപ്തിന്റെ സ്വാതന്ത്ര്യ സമരത്തിലേക്ക് നോവൽ കടന്നു കയറുന്നുണ്ട്. മുഹമ്മദ് ഇഫത്തും കൂട്ടരും സയിദ് അഹമ്മദിന്റെ കടയിലേക്ക് സ്വാതന്ത്ര്യ സമരത്തിന് പിന്തുണ അഭ്യർഥിച്ചുകൊണ്ട് വരുമ്പോൾ സയിദ് അഹമ്മദ് പൂർണ പിന്തുണ വാഗ്ദാനം നൽകുന്നു. അപ്പോഴും തന്റെ ജീവിതം പരമാവധി ആനന്ദകരമാക്കുക എന്നത് ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറുമല്ല. ലോകത്തെവിടെയും നിർണായകമായ ഇത്തരം സമരഘട്ടങ്ങളിൽ മധ്യവർഗക്കാർ സ്വീകരിക്കുന്ന ഒരലസ മനോഭാവത്തിന്റെ പ്രതിനിധിയായിട്ടാണ് സയിദ് അഹമ്മദിനെ പോലുള്ള കഥാപാത്രത്തിലൂടെ നോവലിസ്റ്റ് വരച്ചുകാട്ടുന്നത്. ആയിരത്തൊന്ന് രാവുകൾ വായിച്ചു പോകുംപോലെ വായനക്കാരെ ഈജിപ്ഷ്യൻ സംസ്കാരത്തോടും സാമൂഹിക കുടുംബ ജീവിതത്തോടുമൊപ്പം മനസ്സുകൊണ്ടും ശരീരം കൊണ്ടും സഞ്ചരിക്കുന്ന ഒരു അനുഭൂതിയും പ്രതീതിയും സൃഷ്ടിക്കുന്ന മഹത്തായ നോവൽ തന്നെയാണ് കൊട്ടാരത്തെരുവ്. കാലാതിവർത്തിയായ കഥയായതുകൊണ്ടുതന്നെയാവാം അസംഖ്യം വായനക്കാർ ലോകത്തിന്റെ പല കോണുകളിലിരിന്നും ഈ കൃതിയെ ഇന്നും പുനർ വായനക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നത്. പ്രസാധകർ സഹൃദയ ബുക്്സ് കോട്ടയം.

 

കൊട്ടാരത്തെരുവ്, നജീബ് മഹ്ഫൂസ്
വിവ. ബി എം സുഹറ