Editors Pick
7,000 കാറുകൾ, വില 41,980 കോടി; ബ്രൂണെ രാജാവിന്‍റെ കാർ പ്രേമം
ബ്രൂണെയിലെ സുൽത്താൻ ആഡംബര ജീവിതത്തിന് പേരുകേട്ടയാളാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരമാണ് അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ സ്വത്തുകളിലൊന്ന്
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ ബ്രൂണെയിലും സിംഗപ്പൂരിലും നയതന്ത്ര സന്ദർശനത്തിലാണ്. സിംഗപ്പൂരിനോട് ചേർന്നുകിടക്കുന്ന ബ്രൂണെ ആണ് പ്രധാനമന്ത്രി ആദ്യം സന്ദർശിച്ചത്. ബ്രൂണെയിലെ രാജാവായ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായി അദ്ദേഹത്തിൻ്റെ ആഡംബര കൊട്ടാരത്തിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
ബ്രൂണെയിലെ സുൽത്താൻ ആഡംബര ജീവിതത്തിന് പേരുകേട്ടയാളാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരമാണ് അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ സ്വത്തുകളിലൊന്ന്. 5 ബില്യൺ ഡോളർ മൂല്യമുള്ള അദ്ദേഹത്തിൻ്റെ ശേഖരത്തിൽ 7,000 ആഡംബര കാറുകൾ ഉണ്ടെന്നാണ് കണക്ക്. അതായത് ഇന്ത്യൻ മൂല്യം 41,980 കോടി രൂപ വരും. ഒരു കാറിന്‍റെ ശരാശരി വില ആറു കോടിയോളം വരുമെന്ന് ചുരുക്കം.
സുൽത്താൻ ഹസ്സനാലിൻ്റെ സഹോദരൻ ജെഫ്രി ബോൾകിയ (പ്രിൻസ് ജെഫ്രി എന്നും അറിയപ്പെടുന്നു), രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾ എന്നിവരുടെ സഹായത്തോടെയാണ് ഈ ശേഖരം തയ്യാറാക്കിയത്.
രാജാവിന്‍റെ ശേഖരത്തിലുള്ള ചില കാറുകൾ ഇവയാണ്
ബെന്റ്‍ലി
1980-കളിലെയും 1990-കളിലെയും ക്ലാസിക് ബെന്റ്‍ലികൾ ഉൾപ്പെടുന്നതാണ് ബ്രൂണെ സുൽത്താൻ്റെ കാർ ശേഖരം. ഇവയ്‌ക്ക് ഏകദേശം 80 ദശലക്ഷം ഡോളർ (671 കോടി) വിലമതിക്കും. ഇതിൽ കൂടുതലും അസൂർ, കോണ്ടിനെൻ്റൽ മോഡലുകളാണ്. ബെന്റ്‍ലി ഡോമിനേറ്റർ, കോണ്ടിനെൻ്റൽ ആർ സൂപ്പർഫാസ്റ്റ്, ബുക്കനീർ ജിടി കൂപ്പെ, ട്വിൻ ടർബോ വി8 എഞ്ചിൻ ഉള്ള ജാവ എന്നിവയാണ് ശേഖരത്തിലുള്ള ബെന്റ്‍ലി കാറുകൾ.
ഫെരാരിസ്
ലോകത്തിലെ ഏറ്റവും വലിയ വാഹന ശേഖരത്തിൽ ഇറ്റാലിയൻ കമ്പനിയായ ഫെരാരിയുടെ ഒരുപിടി മോഡലുകൾ തന്നെയുണ്ട്. ഫെരാരി എഫ്50, രണ്ട് 250 ജിടിഒകൾ, ഒരു എഫ്40, നിരവധി ഫെരാരി 456കൾ, ഒരു ഫെരാരി എഫ്എക്സ്, ടെസ്‌റ്റാറോസ എഫ്90 സ്പെഷ്യൽ എന്നിവ ഇതിൽ ചിലത്.
പോർഷെസ്
സുൽത്താൻ്റെ ശേഖരത്തിൽ 55 പോർഷെ 928- കളും ഉൾപ്പെടുന്നു, അതിൽ 32 എണ്ണം S4 വകഭേദങ്ങളാണ്. ഒരു പോർഷെ 959, ഒരു ദൗർ 962 ലെ മാൻസ്, ഒരു കരേര ജിടി എന്നിവയും രാജാവിനുണ്ട്.
റോൾസ് റോയ്സ്
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ റോൾസ് റോയ്‌സ് ശേഖരം സ്വന്തമാക്കിയതിൻ്റെ റെക്കോർഡ് സുൽത്താൻ ഹസ്സനൽ ബോൾകിയയുടെ പേരിലാണ്. കൃത്യമായ എണ്ണം അജ്ഞാതമാണെങ്കിലും, 600-ലധികം വ്യത്യസ്ത മോഡലുകൾ ഉണ്ടെന്നാണ് പറയുന്നത്.
ആസ്റ്റൺ മാർട്ടിൻസ്
കസ്റ്റം ആസ്റ്റൺ മാർട്ടിൻ വാഹനങ്ങൾ ഓർഡർ ചെയ്യുന്നതിൽ സുൽത്താൻ മുന്നിലാണ്. ഒരു യുണീക്ക് AM3 ഇദ്ദേഹത്തിനുണ്ട്.