Connect with us

National

രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു

സര്‍ക്കാരിന്റെ സൈനികകാര്യ വകുപ്പ് സെക്രട്ടറിയായും അനില്‍ ചൗഹാന്‍ പ്രവര്‍ത്തിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവി (സി ഡി എസ്)യായി ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു. സര്‍ക്കാരിന്റെ സൈനികകാര്യ വകുപ്പ് സെക്രട്ടറിയായും അനില്‍ ചൗഹാന്‍ പ്രവര്‍ത്തിക്കും.

രാജ്യത്തെ ആദ്യ സി ഡി എസ് ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് അനില്‍ ചൗഹാന്‍ നിയമിതനായത്. ബിപിന്‍ റാവത്ത് മരണപ്പെട്ട് ഒമ്പത് മാസത്തിന് ശേഷമാണ് നിയമനം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തമിഴ്നാട്ടില്‍ വെച്ച് നടന്ന ഹെലികോപ്ടര്‍ അപകടത്തിലാണ് ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേര്‍ മരിച്ചത്. കര-വ്യോമ-നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് 2020-ജനുവരിയിലാണ് ബിപിന്‍ റാവത്തിനെ രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാമേധാവിയായി നിയമിച്ചിരുന്നത്.

ഇന്ത്യയുടെ രണ്ടാമത്തെ സി ഡി എസ് ആയി എത്തുന്ന അനില്‍ ചൗഹാന്‍ 2021 മെയിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. 1961-ല്‍ ജനിച്ച ചൗഹാന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും പഠനം നടത്തിയിട്ടുണ്ട്. 1981-ല്‍ ഗൂര്‍ഖ റൈഫിള്‍സിലൂടെയാണ് സൈന്യത്തിന്റെ ഭാഗമായത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും സൈനിക ഓപ്പറേഷന്‍ രംഗത്തും കലാപവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.

 

 

Latest