Connect with us

siraj editorial

ട്രെയിന്‍ യാത്രികരുടെ സുരക്ഷ ഉറപ്പ് വരുത്തണം

ഇത്രയൊക്കെ സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ട്രെയിനുകളില്‍ അടിക്കടി കവര്‍ച്ചകളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും നടക്കുന്നു? പ്രഖ്യാപിത നടപടികള്‍ പലതും കടലാസില്‍ ഒതുങ്ങുകയാണ്. വാഗ്ദാനം കൊണ്ടായില്ല അത് നടപ്പാക്കുക കൂടി വേണം

Published

|

Last Updated

ട്രെയിനുകളിലെ സുരക്ഷയുടെ അപര്യാപ്തതയിലേക്കാണ് തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസ്സില്‍ ഞായറാഴ്ച നടന്ന കവര്‍ച്ച വിരല്‍ ചൂണ്ടുന്നത്. തിരുവല്ല സ്വദേശികളായ വിജയ ലക്ഷ്മി, മകള്‍ അഞ്ജലി, കോയമ്പത്തൂര്‍ സ്വദേശിനി കൗസല്യ എന്നിവരാണ് കവര്‍ച്ചക്കിരയായത്. ഭക്ഷണത്തില്‍ ലഹരി മരുന്ന് നല്‍കി മയക്കിക്കിടത്തിയാണ് മോഷ്ടാവ് ഇവരുടെ പത്ത് പവന്‍ വരുന്ന ആഭരണവും മൊബൈല്‍ ഫോണുകളും കവര്‍ന്നത്. ചെങ്ങന്നൂരിലും ആലുവായിലുമായി ഇറങ്ങേണ്ട ഈ സ്ത്രീകള്‍ക്ക് തിരുവനന്തപുരത്തെത്തിയപ്പോഴാണ് ബോധം തെളിഞ്ഞതും കവര്‍ച്ച നടന്ന വിവരം അറിയുന്നതും. റിസര്‍വ്ഡ് കമ്പാര്‍ട്ട്മെന്റിലായിരുന്നു സംഭവം. ഏപ്രില്‍ 28ന് മുളന്തുരുത്തിക്ക് സമീപം പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ മോഷ്ടാവ് യുവതിയെ ആക്രമിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് എടുത്തു ചാടിയതു കാരണം യുവതിക്ക് കഴുത്തിനും നട്ടെല്ലിനും പരുക്കേല്‍ക്കുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമാണ് റെയില്‍വേ. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ റെയില്‍വേ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ആര്‍ പി എഫും സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസും നിലവിലുണ്ട്. സൗമ്യ സംഭവത്തിനു ശേഷം ട്രെയിനിലെ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കിയതായി ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ അറിയിക്കുകയും ചെയ്തതാണ്. എന്നിട്ടും സ്ത്രീകള്‍ ഇന്നും ഭയാശങ്കയോടെയാണ് ട്രെയിനില്‍ കയറുന്നത്. പട്ടാപ്പകല്‍ പോലും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. കൂടെ ഉത്തരവാദപ്പെട്ട പുരുഷന്മാരില്ലാതെ സ്ത്രീകളുടെ തനിച്ചുള്ള യാത്ര ഒട്ടും സുരക്ഷിതമല്ല ട്രെയിനുകളില്‍. കൊവിഡ് മൂലം ട്രെയിനില്‍ യാത്രക്കാര്‍ കുറഞ്ഞ സാഹചര്യത്തില്‍ വിശേഷിച്ചും. നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലെ കവര്‍ച്ച ട്രെയിന്‍ തിരുവനന്തപുരം സ്റ്റേഷനിലെത്തും വരെ റെയില്‍വേയുടെ ശ്രദ്ധയില്‍ വന്നില്ലെന്നത് സുരക്ഷാ സംവിധാനത്തിന്റെ “കാര്യക്ഷമത’ കൂടുതല്‍ വെളിപ്പെടുത്തുന്നു.

ട്രെയിനുകളില്‍ കുറ്റകൃത്യങ്ങള്‍ അരങ്ങേറുമ്പോഴെല്ലാം സുരക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ വര്‍ഷം ദക്ഷിണ റെയില്‍വേ സ്ത്രീസുരക്ഷ ഉറപ്പാക്കാനായി “മേരീ സഹേലി’ (എന്റെ കൂട്ടുകാരി) എന്നൊരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രയുടെ തുടക്കം മുതല്‍ അവസാനം വരെ ആര്‍ പി എഫിന്റെ പെണ്‍ സംഘങ്ങളെ നിയോഗിക്കുന്നതാണ് ഈ പദ്ധതി. ഓട്ടം തുടങ്ങുന്ന സ്റ്റേഷനില്‍നിന്ന് തന്നെ റെയില്‍വേ പോലീസിലെ യുവ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം തീവണ്ടികളില്‍ കയറും. യാത്ര അവസാനിക്കും വരെ തീവണ്ടിക്കുള്ളില്‍ റോന്തുചുറ്റുകയും വനിതാ യാത്രക്കാരോട് സംസാരിച്ച് സുരക്ഷാ ബോധവത്കരണം നടത്തുകയും ചെയ്യും. ആര്‍ പി എഫ് സംഘം വനിതാ യാത്രക്കാരുടെ സീറ്റ് നമ്പറുകള്‍ ശേഖരിച്ച് വഴിമധ്യേയുള്ള സ്റ്റോപ്പുകളില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്യും.

സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുള്ളവര്‍ ബന്ധപ്പെട്ട കോച്ചുകളും ബെര്‍ത്തുകളും നിരീക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ വനിതാ യാത്രക്കാരെ സഹായിക്കണമെന്നും “മേരീ സഹേലി’യുടെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. യാത്രക്കിടെ സുരക്ഷാ പ്രശ്നങ്ങളുണ്ടായാല്‍ ആര്‍ പി എഫ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 182ല്‍ വിളിക്കാവുന്നതാണ്. സഹായം ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളി വന്നാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കും. ദക്ഷിണ റെയില്‍വേ “മേരീ സഹേലി’യുടെ 17 സംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനു കീഴില്‍ നാഗര്‍കോവില്‍, തിരുവനന്തപുരം, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ നിന്നും പാലക്കാട് ഡിവിഷനില്‍ മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെടുന്ന തീവണ്ടികളിലാണ് ഇവരുടെ സേവനം ലഭ്യമാകുകയെന്ന് റെയില്‍വേ അറിയിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും പിന്നീട് കേട്ടില്ല. യാത്രക്കാരുടെ സുരക്ഷക്കായി സ്റ്റേഷനുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സ്റ്റേഷനുകളിലും ഇവ പ്രവര്‍ത്തന രഹിതമാണ്. റെയില്‍വേ പ്രൊട്ടക്്ഷന്‍ ഫോഴ്‌സ് വിഭാഗത്തിനാണ് ക്യാമറകളും സ്‌കാനറുകളും സുരക്ഷയുമായി ബന്ധപ്പെട്ട മറ്റു ഉപകരണങ്ങളും നിരീക്ഷിക്കാനും ശ്രദ്ധിക്കാനുമുള്ള ചുതമല. എങ്കിലും ഈ വിഭാഗത്തില്‍ ആവശ്യത്തിനു ജീവനക്കാരില്ല. 2013 ഡിസംബറില്‍ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി, യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട റെയില്‍വേയുടെ കുറ്റകരമായ അനാസ്ഥ ചൂണ്ടിക്കാട്ടുകയും ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകള്‍ ട്രെയിനിന്റെ മധ്യഭാഗത്തേക്ക് മാറ്റുന്നത് ഉള്‍പ്പെടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സമൂര്‍ത്തമായ നടപടി വേണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കൂടി ഉത്തരവാദിത്വമാണ്. ഈ ഗണത്തില്‍ എന്തെല്ലാം ചെയ്തുവെന്ന ചോദ്യത്തിനുള്ള മറുപടിയില്‍, 2014 ജനുവരി ആറിന് നിയമസഭയില്‍ അന്നത്തെ ആഭ്യന്തര മന്ത്രി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. “സ്ത്രീ യാത്രക്കാരുടെ സുരക്ഷക്കായി വനിതകള്‍ ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥരെ നിമയിച്ചു. ഇവര്‍ കമ്പാര്‍ട്ടുമെന്റുകളില്‍ വിശിഷ്യാ വനിതാ കമ്പാര്‍ട്ടുമെന്റുകളില്‍ പരിശോധന നടത്തി സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നു. വനിതാ കമ്പാര്‍ട്ടുമെന്റുകളില്‍ ലാത്തി ധരിച്ച പ്രത്യേക വനിതാ ഉദ്യോഗസ്ഥരെയും റെയില്‍വേ പോലീസിന്റെ കീഴില്‍ വനിതാ സിവില്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി റെയില്‍വേ പോലീസില്‍ 200 തസ്തികകള്‍ അനുവദിച്ചു’ തുടങ്ങി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ അന്ന് മന്ത്രി അവതരിപ്പിച്ചിരുന്നു. ഇത്രയൊക്കെ സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ട്രെയിനുകളില്‍ അടിക്കടി കവര്‍ച്ചകളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും നടക്കുന്നു? പ്രഖ്യാപിത നടപടികള്‍ പലതും കടലാസില്‍ ഒതുങ്ങുകയാണ്. വാഗ്ദാനം കൊണ്ടായില്ല അത് നടപ്പാക്കുക കൂടി വേണം. കേന്ദ്ര റെയില്‍വേ വകുപ്പും സംസ്ഥാന ആഭ്യന്തര വകുപ്പും അനാസ്ഥ കൈവെടിഞ്ഞ് ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

---- facebook comment plugin here -----

Latest