Connect with us

International

'ഉണ്ട്, മരണാനന്തരം ജീവിതമുണ്ട്'; പറയുന്നത് ഒരു യു എസ് ഡോക്ടര്‍, 5000ത്തോളം മരണാസന്ന അനുഭവങ്ങള്‍ പഠിച്ചയാള്‍

അമേരിക്കയിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റായ ജെഫ്രി ലോങാണ് മരണാനന്തരം ജീവിതമുണ്ടെന്ന് അസന്നിഗ്ധമായി വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Published

|

Last Updated

വാഷിങ്ടണ്‍ | മരണാനന്തരം ജീവിതമുണ്ടോ? മരണശേഷം മനുഷ്യന് എന്താണ് സംഭവിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് മതങ്ങള്‍ കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്. പരലോക ജീവിതത്തെ കുറിച്ച് അവ വ്യക്തമായ വിശദീകരണവും നല്‍കുന്നു. എന്നാല്‍, അത് വിശ്വസിക്കാത്തവരും ഒരുപാടുണ്ട്.

ഇപ്പോഴിതാ മരണാനന്തരം ജീവിതമുണ്ടെന്ന് അസന്നിഗ്ധമായി വ്യക്തമാക്കിക്കൊണ്ട് ഒരു ഡോക്ടര്‍ രംഗത്തെത്തിയിരിക്കുന്നു- അമേരിക്കയിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റായ ജെഫ്രി ലോങ്. 5,000ത്തില്‍ പരം മരണാസന്ന അനുഭവങ്ങള്‍ താന്‍ പഠിച്ചുവെന്നും ഇതിലൂടെ മരണ ശേഷവും ജീവിതമുണ്ടെന്ന് മനസിലാക്കാനായെന്നും അദ്ദേഹം പറയുന്നു.

37 വര്‍ഷം മുമ്പ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഒരു ജേര്‍ണലില്‍ വന്ന ലേഖനം വായിച്ചതോടെയാണ് ഡോ. ലോങ് മരണാസന്ന അനുഭവങ്ങളിലേക്ക് ആകൃഷ്ടനായത്. ‘ജീവിതം, മരണം ഇത് രണ്ടും മാത്രമേ ഉള്ളൂവെന്നും അതിനപ്പുറം മറ്റൊരു ജീവിതമില്ലെന്നുമാണ് എന്നെ മെഡിക്കല്‍ സയന്‍സ് പഠിപ്പിച്ചത്. എന്നാല്‍, മരണ മുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ചിലര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വിശദീകരിച്ചുള്ള ഒരു കാര്‍ഡിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.’- ലോങ് പറഞ്ഞു. ഇത് 1998ല്‍ മരണാസന്ന അനുഭവ ഗവേഷണ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നതിലേക്കും അദ്ദേഹത്തെ നയിച്ചു. കാണാനും കേള്‍ക്കാനും വികാരങ്ങള്‍ അനുഭവിക്കാനും മറ്റുള്ളവരുമായി ഇടപഴകാനും അവര്‍ക്ക് കഴിഞ്ഞതായി മരണം സ്ഥിരീകരിപ്പെട്ട ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ഡോക്ടര്‍ പറയുന്നു.

വര്‍ഷങ്ങളോളമായി ഡോ. ജെഫ്രി ലോങ് മരണാനന്തര ജീവിതം റിപ്പോര്‍ട്ട് ചെയ്തവരില്‍ നിന്ന് ആ അനുഭവങ്ങള്‍ ശേഖരിക്കുകയും അവ ശാസ്ത്രീയമായി വിശകലനം ചെയ്തുവരികയുമാണ്. ഓരോ അനുഭവവും വ്യത്യസ്തമാണെങ്കിലും പല കേസുകളിലും സമാനതകളുണ്ടെന്നത് അദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചു.

സ്ഥാനവസ്ത്രം ധരിച്ച ഒരാള്‍ തന്നെ ഒരു പാടത്തേക്ക് ആനയിച്ചതായും അവിടെ മരണപ്പെട്ടു പോയ തന്റെ പ്രിയപ്പെട്ടവര്‍ ഇരിക്കുന്നത് കണ്ടുവെന്നും ഒരാള്‍ പറയുന്നു. തന്റെ ഹൃദയത്തിനു ചുറ്റും നിമിഷ നേരത്തേക്ക് ഒരു പ്രകാശവലയം രൂപപ്പെടുകയും പിന്നീടത് മുറിയില്‍ നിന്ന് പുറത്തേക്കു പോയതായി അനുഭവപ്പെട്ടുവെന്നുമാണ് മറ്റൊരാളുടെ കഥനം. നേരത്തെ മരണപ്പെട്ടവരില്‍ കണ്ട സ്‌നേഹവും ആഹ്ലാദവും തങ്ങളെ അവിടെത്തന്നെ തുടരാന്‍ പ്രേരിപ്പിച്ചതായാണ് ഭൂരിഭാഗവും പറയുന്നത്. വെളിച്ചത്താലോ ധൂമപടലത്താലോ തങ്ങള്‍ വലയം ചെയ്യപ്പെട്ടതായി ചിലര്‍ പറഞ്ഞപ്പോള്‍ ഒരു സ്വര്‍ഗീയ ലോകം തന്നെ കണ്ടതായാണ് മറ്റു ചിലര്‍ പ്രതികരിച്ചത്.

‘മരണാനന്തരം തങ്ങള്‍ മറ്റൊരു ലോകത്തേക്ക് കടന്നതായി മരണം കടന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു. പലരും ഒരു തുരങ്കം പോലെ തോന്നിച്ച ഒന്നിലൂടെ കടന്നുപോവുകയും തുടര്‍ന്ന് ശക്തമായ പ്രകാശം കാണുകയും ചെയ്തു. തുടര്‍ന്ന്, അവരുടെ ഭൗതിക ജീവിതത്തിലുണ്ടായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ ഉള്‍പ്പെടെ മരിച്ചുപോയ പ്രിയപ്പെട്ടവര്‍ അവരെ അഭിവാദ്യം ചെയ്തു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും അനുഭവമാണ് അവിടെ ഉണ്ടായിരുന്നത്. ഈ ലോകമാണ് തങ്ങളുടെ യഥാര്‍ഥ വീടെന്ന് അവര്‍ക്ക് തോന്നി.’- ലോങ് പറഞ്ഞു.

എന്നാല്‍, ഈ അനുഭവങ്ങള്‍ക്ക് ശാസ്ത്രീയമായ വിശദീകരണങ്ങളൊന്നും കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും ലോങ് വ്യക്തമാക്കുന്നുണ്ട്. മരണാനന്തര അനുഭവങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന മറ്റ് ഡോക്ടര്‍മാരില്‍ ചിലരും ഡോ. ലോങിന്റെ അഭിപ്രായങ്ങളോട് യോജിക്കുകയും തങ്ങളുടെ അനുഭവ മണ്ഡലത്തിലുണ്ടായവ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

 

 

 

 

 

 

 

 

 

Latest