Connect with us

Kerala

വന്ദേഭാരതിലെ ആര്‍ എസ് എസ് ഗണഗീതത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ്

വി ഡി സതീശന്‍ ഗണഗീതത്തിനെതിരെ രംഗത്തുവന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ നുസൂര്‍ പിന്തുണച്ചത് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി

Published

|

Last Updated

കൊച്ചി | വന്ദേഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ഥികളെ കൊണ്ട് ആര്‍ എസ് എസ് ഗണഗീതം പാടിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗണഗീതത്തിനെതിരെ രംഗത്തുവന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ നുസൂര്‍ പിന്തുണച്ചത് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി.

ഇത് വിവാദഗാനം അല്ല. ഗാനം ആര്‍ എസ് എസിന് തീറെഴുതി കൊടുക്കേണ്ടതില്ല. ആര്‍ എസ് എസ് ആലപിക്കുന്ന ഗാനങ്ങളെല്ലാം അവരുടേതല്ല- നുസൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.
വന്ദേഭാരതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ സ്‌പെഷ്യല്‍ സര്‍വീസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍ എസ് എസ് ഗണഗീതം പാടിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയടക്കം വിമര്‍ശനവുമായി രംഗത്തുവന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയത്.

പാട്ടിനകത്തെ ഭഗത് സിങ് ആര്‍ എസ് എസുകാരനാണോ? ശ്രീരാമ പരമഹംസന്‍ അവരില്‍ പെട്ടയാളാണോ? ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഒന്നും ആര്‍ എസ് എസുകാരല്ലല്ലോ? ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഇത്തരം ഗാനങ്ങളെ അങ്ങനെ വിവാദമാക്കേണ്ട കാര്യമില്ലല്ലോ എന്നാണ് കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നത്.

പലതും ഏറ്റെടുക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമങ്ങളെ സഹായിക്കുന്ന തരത്തില്‍ ഈ പാട്ടും എന്തിനാണ് അവരുടെ തലയില്‍ വെച്ചുകെട്ടുന്നതെന്നും നുസൂര്‍ ചോദിച്ചു. കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം- ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ചാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഗണഗീതം പാടിയത്. സംഭവത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.

 

Latest