Connect with us

From the print

അസമില്‍ 28 മുസ്‌ലിംകളെ തടങ്കല്‍ പാളയത്തിലാക്കി

നടപടി പോലീസ് സ്റ്റേഷനിലേക്ക് ഒപ്പിടാന്‍ വിളിപ്പിച്ച്. വിളിപ്പിച്ചത് 28 കുടുംബത്തിലെ ഓരോരുത്തരെ. പാര്‍പ്പിച്ചത് ഗോള്‍പാറയിലെ വിദേശി ട്രാന്‍സിറ്റ് ക്യാമ്പില്‍.

Published

|

Last Updated

ബംഗാളി മുസ്‌ലിംകളെ വിദേശി തടങ്കൽ പാളയത്തിലേക്ക് ബസിലേക്ക് കൊണ്ടുപോകുന്പോൾ ബാർപേട്ട പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ ബന്ധുക്കൾ

ഗുവാഹത്തി | അസമില്‍ ബംഗാളി മുസ്‌ലിം വിഭാഗത്തിലെ 28 പേരെ അറസ്റ്റ് ചെയ്ത് വിദേശികള്‍ക്കുള്ള ട്രാന്‍സിറ്റ് ക്യാമ്പിലേക്ക് അയച്ചു. ബാര്‍പേട്ട ജില്ലയിലാണ് സംഭവം. വിദേശി ട്രൈബ്യൂണലുകള്‍ നേരത്തേ ‘വിദേശി’കളെന്ന് പ്രഖ്യാപിച്ചവരാണ് ഇവരെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 50 കിലോ മീറ്റര്‍ അകലെയുള്ള ഗോള്‍പാറ ജില്ലയിലെ ട്രാന്‍സിറ്റ് ക്യാമ്പിലേക്കാണ് അയച്ചത്.

തിങ്കളാഴ്ച ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 28 കുടുംബങ്ങളില്‍ നിന്ന് ഓരോരുത്തരെ വീതം പോലീസ് സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കുകയായിരുന്നെന്ന് പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനായ ഫാറൂഖ് ഖാന്‍ പറഞ്ഞു. ഒപ്പിടണമെന്ന് പറഞ്ഞാണ് വിളിപ്പിച്ചതെങ്കിലും സ്റ്റേഷനുകളിലെത്തിയതിന് പിന്നാലെ ഇവരെ ബാര്‍പേട്ട എസ് പി ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് നിര്‍ബന്ധിതമായി ബസില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

അസം പോലീസിന്റെ അതിര്‍ത്തി വിഭാഗമാണ് ഇവര്‍ക്ക് വിദേശികള്‍ക്കുള്ള നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് കേസുകള്‍ വിദേശി ട്രൈബ്യൂണലുകളിലേക്ക് കൈമാറുകയും ചെയ്തു. നിരവധി വാദംകേള്‍ക്കലിന് ശേഷം പിന്നീട് ഇവരെ വിദേശികളായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഫാറൂഖ് ഖാന്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ ഗോള്‍പാറയിലെ ഫോറിന്‍ ട്രാന്‍സിറ്റ് ക്യാമ്പില്‍ നിലവില്‍ 210 ‘പ്രഖ്യാപിത വിദേശികള്‍’ ഉണ്ട്. ഇത്തരത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമാണ് ഗോള്‍പാറയിലേത്. 1946ലെ വിദേശി നിയമ പ്രകാരം അനധികൃത കുടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപവത്കരിച്ച അര്‍ധ ജുഡീഷ്യല്‍ സമിതികളാണ് വിദേശി ട്രൈബ്യൂണലുകള്‍. വിദേശികളുടെയും ഡി- (സംശയാസ്പദ) വോട്ടര്‍മാരുടെയും കേസുകള്‍ കൈകാര്യം ചെയ്യാന്‍ അസമിലുടനീളം ഇത്തരത്തില്‍ നൂറോളം ട്രൈബ്യൂണലുകളുണ്ട്.

സംസ്ഥാനത്ത് ആകെ 1,19,570 ഡി വോട്ടര്‍മാര്‍ ഉണ്ടെന്നും അതില്‍ 54,411 പേരെ ട്രൈബ്യൂണലുകള്‍ ‘വിദേശി’കളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് കഴിഞ്ഞ മാസം നിയമസഭയെ അറിയിച്ചിരുന്നു. 2017 മുതല്‍ ഇത്തരത്തില്‍ 16 പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിട്ടുണ്ട്. 1997ലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പ്രകാരം ഡി വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. ബംഗ്ലാദേശില്‍ നിന്നുള്ള ‘അനധികൃത കുടിയേറ്റക്കാരെ’ കണ്ടെത്താന്‍ തദ്ദേശീയ അസമികള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് വിദേശി ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചത്. ‘അനധികൃത കുടിയേറ്റക്കാര്‍’ അസമീസ് ജനതയുടെ സ്വത്വത്തിനും സംസ്‌കാരത്തിനും ഭീഷണി യുയര്‍ത്തുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ഭരണകക്ഷിയായ ബി ജെ പി ഉള്‍പ്പെടെയുള്ളവര്‍ ബംഗാളി മുസ്‌ലിംകളെ ‘നുഴഞ്ഞുകയറ്റക്കാരും’ അസമികളുടെ സ്വത്വത്തിന് ഭീഷണിയുമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഹിന്ദു കുടിയേറ്റക്കാരെ ബി ജെ പി ഭീഷണിയായി കണക്കാക്കുന്നില്ല. ഇവര്‍ക്ക് സി എ എയിലൂടെ പൗരത്വവും ലഭിക്കും. ഹിന്ദു ബംഗാളികളുടെ ഡി- വോട്ടര്‍ പ്രശ്നം ആറ് മാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു.