Connect with us

Ongoing News

പഞ്ചാബിനെതിരെ 17 റണ്‍സ് വിജയം; പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ഡല്‍ഹി

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ ഒമ്പതിന് 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Published

|

Last Updated

മുംബൈ | ഐ പി എലില്‍ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്നലത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ 17 റണ്‍സിന് തോല്‍പ്പിച്ച ഡല്‍ഹി നാലാം സ്ഥാനത്തേക്കുയര്‍ന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ ഒമ്പതിന് 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 12.4 ഓവറില്‍ 82 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായ പഞ്ചാബിന് ജിതേഷ് ശര്‍മയും രാഹുല്‍ ചാഹറും ചേര്‍ന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ട് 41 റണ്‍സ് നേടി പ്രതീക്ഷ നല്‍കി. എന്നാല്‍, 34 പന്തില്‍ 44 റണ്‍സെടുത്ത ജിതേഷിനെ ഷാര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ വാര്‍ണര്‍ പിടിച്ചു പുറത്താക്കിയതോടെ ആ പ്രതീക്ഷ അവസാനിച്ചു. ജോണി ബെയര്‍‌സ്റ്റോ (15 പന്തില്‍ 28), ശിഖര്‍ ധവാന്‍ (16 പന്തില്‍ 19) റണ്‍സെടുത്തു. ഡല്‍ഹിക്കായി ഷാര്‍ദുല്‍ ഠാക്കൂര്‍ നാലും അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ മിച്ചല്‍ മാര്‍ഷിന്റെ (48 പന്തില്‍ 63) ബാറ്റിംഗാണ് ഡല്‍ഹിക്ക് തുണയായത്. നാല് ബൗണ്ടറിയും മൂന്ന് സിക്സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. സര്‍ഫറാസ് ഖാന്‍ (16 പന്തില്‍ 32), ലളിത് യാദവ് (21 പന്തില്‍ 24) റണ്‍സെടുത്തു.

മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (പൂജ്യം) പുറത്താക്കി ലിയാം ലിവിംഗ്സ്റ്റണ്‍ ഡല്‍ഹിയെ ഞെട്ടിച്ചു. മാര്‍ഷും സര്‍ഫറാസ് ഖാനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 51 റണ്‍സ് അടിത്തറയായി. സര്‍ഫറാസിനെ അര്‍ഷ്ദീപ് സിംഗ് പുറത്താക്കിയതോടെ ക്രീസിലൊന്നിച്ച ലളിത് യാദവ് – മാര്‍ഷ് സഖ്യം മൂന്നാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഋഷഭ് പന്ത് (ഏഴ്), റോവ്്മാന്‍ പവല്‍ (രണ്ട്) എന്നിവര്‍ ലിവിംഗ്സ്റ്റണിന് മുന്നില്‍ കീഴടങ്ങി. ഇതോടെ, മധ്യ ഓവറുകളില്‍ മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ ഡല്‍ഹിക്ക് കഴിയാതെ പോയി. ആറാം വിക്കറ്റില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്ത അക്ഷര്‍ പട്ടേല്‍- മാര്‍ഷ് സഖ്യമാണ് സ്‌കോര്‍ 150 കടത്തിയത്. അക്ഷര്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി ലിവിംഗ്സ്റ്റണും അര്‍ഷദീപ് സിംഗും മൂന്ന് വീതം വിക്കറ്റുകള്‍ നേടി.