Kerala
1500ാം നബിദിനം: മലപ്പുറത്തെ ഹര്‍ഷപുളകിതമാക്കി മഅ്ദിന്‍ നബി സ്‌നേഹറാലി
നാളെ പുലര്‍ച്ചെ നാലിന് മഅ്ദിന്‍ ഗ്രാൻ്റ് മസ്ജിദില്‍ മൗലിദ് പാരായണവും പ്രത്യേക പ്രാര്‍ഥനയും

മലപ്പുറം | 1500ാം നബിദിനത്തിൻ്റെ ഭാഗമായി തിരുവസന്തം 1500 എന്ന ശീര്‍ഷകത്തില്‍ മഅ്ദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന നബി സ്‌നേഹറാലി നയനമനോഹരമായി. ആയിരക്കണക്കിന് പ്രവാചക പ്രേമികളാണ് റാലിയില്‍ അണി നിരന്നത്. കേരളത്തിലെ ഏറ്റവും വലിയ നബിദിന റാലിയാണ് മലപ്പുറത്ത് നടന്നത്.
മഅ്ദിന്‍ അക്കാദമിയുടെയും സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു റാലി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡൻ്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നബിദിന സന്ദേശം നല്‍കി. മനുഷ്യ സമൂഹത്തിന് നീതിയും സമത്വവും പഠിപ്പിച്ച തുല്യതയില്ലാത്ത വ്യക്തിത്വമാണ് പ്രവാചകര്‍ മുഹമ്മദ് നബിയെന്നും സഹോദര സമുദായംഗങ്ങളോട് സ്‌നേഹവും സൗഹൃദവും കരുതലും ജീവിച്ചുകാണിച്ചുകൊടുത്ത മാതൃകാപുരുഷനാണ് അവിടുന്നെന്നും തങ്ങള്‍ പറഞ്ഞു.
മഅ്ദിന്‍ രിബാതുല്‍ ഖുര്‍ആന്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മെഗാ ദഫും ഫ്‌ളവര്‍ ഷോയും റാലിയുടെ ആകര്‍ഷണമായി മാറി. വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ പൊതുജനങ്ങളും മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരെ ബോധവത്കരണം, ബഹുസ്വര സമൂഹത്തില്‍ വിശ്വാസിയുടെ ബാധ്യത, പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രവാചക മാതൃകകള്‍, കാര്‍ഷിക രംഗത്തെ പ്രവാചകാധ്യാപനങ്ങള്‍, മത ദര്‍ശനങ്ങളുടെ പേരില്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നതിൻ്റെ നിരര്‍ത്ഥകത എന്നിവ വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങള്‍ റാലിയെ ശ്രദ്ധേയമാക്കി.
മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും അണിനിരന്നു. മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥികളുടെ ഫ്‌ളവര്‍ ഷോ ഏറെ ആകര്‍ഷകമായി. റാലി വീക്ഷിക്കാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ റോഡ് സൈഡുകളില്‍ അണിനിരന്നു.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അബൂ ഹനീഫല്‍ ഫൈസി തെന്നല, അലവി സഖാഫി കൊളത്തൂര്‍, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി മൂച്ചിക്കല്‍, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഐദ്രൂസി കല്ലറക്കല്‍. കേരള മുസ്ലിം ജമാഅത്ത് ഫിനാന്‍സ് സെക്രട്ടറി ചാലിയം എ പി അബ്ദുല്‍ കരീം ഹാജി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂര്‍, ഊരകം അബ്ദുറഹ്‌മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍,കെ പി ജമാല്‍ കരുളായി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ശാഫി വെങ്ങാട്, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധസ്ഥലങ്ങളില്‍ ഒരുക്കിയ മഅ്ദിന്‍ തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥികളുടെ മീലാദ് പാട്ടുവണ്ടി ശ്രദ്ധേയമായി. നാളെ പുലര്‍ച്ചെ നാലിന് മഅ്ദിന്‍ ഗ്രാന്റ്മസ്ജിദില്‍ മൗലിദ് പാരായണവും പ്രത്യേക പ്രാര്‍ഥനയും നടക്കും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തേതൃത്വം നല്‍കി. ആയിരങ്ങള്‍ക്ക് അന്നദാനവും റബീഅ് കിറ്റും വിതരണം നടത്തി.