Connect with us

loka kerala sabha

ലോക കേരള സഭാ വേദിയില്‍ പ്രതിപക്ഷത്തിന് യൂസഫലിയുടെ വിമര്‍ശം

'ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്താണെന്ന് പറഞ്ഞതില്‍ വിഷമമുണ്ട്. നേതാക്കള്‍ ഗള്‍ഫില്‍ വരുമ്പോള്‍ കൊണ്ട് നടക്കുന്നത് പ്രവാസികളാണ്'

Published

|

Last Updated

തിരുവനന്തപുരം | മൂന്നാം ലോക കേരള സഭ വേദിയില്‍ പ്രതിപക്ഷത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ പരോക്ഷ വിമര്‍ശം. സ്വന്തമായി ടിക്കറ്റെടുത്ത് വരുന്നവരെ താമസിപ്പിക്കുന്നത് ധൂര്‍ത്താണോയെന്ന് ചോദിച്ച യൂസഫലി ആവശ്യമില്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കരുതെന്നും ഓര്‍മപ്പെടുത്തി. ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്ത് ആണെന്ന് പറഞ്ഞതില്‍ വിഷമമുണ്ട്. നേതാക്കള്‍ ഗള്‍ഫില്‍ വരുമ്പോള്‍ കൊണ്ട് നടക്കുന്നത് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭ വലിയ ധൂര്‍ത്താണെന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ പരാമര്‍ശത്തിലായിരുന്നു വിമര്‍ശം.

ചില അനാവശ്യ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പ്രവാസികള്‍ക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് നില്‍ക്കണം. ഗള്‍ഫ്, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ലോകകേരള സഭ നടത്തണം. ഫണ്ട് പ്രശ്നമാണെങ്കില്‍ അവിടുന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തണം കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതല്‍ കാര്യക്ഷമമാക്കണം. നിയമങ്ങള്‍ മാറ്റി ഇന്‍വെസ്റ്റ്മെന്റ് പ്രോട്ടക്ഷന്‍ കൊണ്ടുവരണം.

ലോക കേരള സഭ പ്രവാസികള്‍ക്കുള്ള ആദരവാണ്. പ്രവാസികളില്‍ പല രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരുണ്ട്. തന്റെ മനസും ശരീരവും ധനവും കേരളത്തിലാണെന്നും യൂസുഫലി കൂട്ടിച്ചേര്‍ത്തു.

 

 

 

Latest