Connect with us

Uae

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച തുടക്കം

17 വരെ വേൾഡ് ട്രേഡ് സെന്ററിൽ

Published

|

Last Updated

ദുബൈ|മൂന്നാമത് അന്താരാഷ്ട്ര ആയുഷ് കോൺഫറൻസിനും പ്രദർശനത്തിനും ഞായറാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും. ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സവിശേഷതകളെ ലോകജനതക്ക് പരിചയപ്പെടുത്തുന്ന വിപുലമായ സമ്മേളനം ഈ മാസം 15 മുതൽ 17 വരെയാണ് നടക്കുന്നത്. ആയുഷ് മന്ത്രാലയത്തിന്റെയും ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെയും രക്ഷാകർതൃത്വത്തിൽ സയൻസ് ഇന്ത്യ ഫോറവും വേൾഡ് ആയുർവേദ ഫൗണ്ടേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിൽ ആയുഷ് ഇടപെടലുകൾ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 35ലേറെ രാജ്യങ്ങളിൽ നിന്നുള്ള 1500ലേറെ പ്രതിനിധികൾ പങ്കെടുക്കും. 31 അന്താരാഷ്ട്ര പ്രഭാഷകർ വിവിധ സെഷനുകളെ അഭിസംബോധന ചെയ്യും. ആയുഷ് ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസ്യൂട്ടിക്കൽ നിർമാതാക്കൾ, ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ 45 ലേറെ പ്രദർശന സ്റ്റാളുകൾ വേദിയിൽ ഒരുക്കിയിട്ടുണ്ട്. ആയുഷ് സമ്പ്രദായത്തെക്കുറിച്ചുള്ള ഹ്രസ്വചിത്ര മേളയും ഇതിന്റെ ഭാഗമായി നടക്കും.

പൊതുജനങ്ങൾക്ക് പ്രദർശന നഗരിയിലേക്ക് പ്രവേശനം സൗജന്യമാണ്. അരലക്ഷത്തോളം സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ആരോഗ്യ വിദഗ്ധരും നയരൂപകർത്താക്കളും വിവിധ ആയുഷ് സംഘടനകളും സമ്മേളനത്തിൽ പങ്കാളികളാകും. വിട്ടുമാറാത്ത രോഗങ്ങളുടെ പ്രതിരോധത്തെക്കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ മൂന്ന് ദിവസത്തെ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. നേരത്തെ 2017 ലും 2024ലും ദുബൈയിൽ നടന്ന ആയുഷ് സമ്മേളനങ്ങൾ വൻ വിജയമായിരുന്നു.

 

 

---- facebook comment plugin here -----

Latest