Connect with us

Uae

ജയപ്രകാശൻ ബാഹുലേയൻ യു എ ഇ യുടെ അന്താരാഷ്ട്ര വ്യാപാര ചാൻസലർ 

ന്യൂഡൽഹിയിലെ ന്യൂ മഹാരാഷ്ട്ര സദനിൽ വെച്ച് നടന്ന 'നൂതന ആശയങ്ങൾ, വ്യവസായം, സമഗ്ര വികസനം എന്നിവയെ ആസ്പദമാക്കിയുള്ള ദേശീയ സമ്മേളനത്തിലാണ്' ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.

Published

|

Last Updated

അബൂദബി/ ന്യൂഡൽഹി|കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി യുഎഇയിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ജയപ്രകാശൻ ബാഹുലേയനെ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യു എ ഇ ) അന്താരാഷ്ട്ര വ്യാപാര ചാൻസലറായി (International Trade Chancellor) നിയമിച്ചു. ന്യൂഡൽഹിയിലെ ന്യൂ മഹാരാഷ്ട്ര സദനിൽ വെച്ച് നടന്ന ‘നൂതന ആശയങ്ങൾ, വ്യവസായം, സമഗ്ര വികസനം എന്നിവയെ ആസ്പദമാക്കിയുള്ള ദേശീയ സമ്മേളനത്തിലാണ്’ ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.
ഫെഡറേഷൻ ഓഫ് ഇൻഡസ്ട്രീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെ ഈ ഉന്നത പദവി അദ്ദേഹത്തിന് കൈമാറി. ഭാരതവും യുഎഇയും തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും വ്യാപാര ഇടനാഴികൾ വിപുലീകരിക്കുന്നതിനും ഈ നിയമനം സുപ്രധാന ചുവടുവെപ്പാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അബൂദബിയിലെ പ്രമുഖ ഗതാഗത സേവന ശൃംഖലയായ റാക്കോ  ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ് ജയപ്രകാശൻ ബാഹുലേയൻ. തുടർച്ചയായി അഡ്‌നോക്കിന്റെ മികച്ച എണ്ണപ്പാട സേവന സ്ഥാപനത്തിനുള്ള പുരസ്കാരം നേടിയ റാക്കോ ജനറൽ ട്രാൻസ്‌പോർട്ടിന്റെ സാരഥി കൂടിയാണദ്ദേഹം. യുഎഇ സർക്കാരിന്റെ പ്രത്യേക പരിഗണനയിലുള്ള ‘ഗോൾഡൻ വിസ’ ഉടമയായ അദ്ദേഹം പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി സജീവമായി പ്രവർത്തിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം സ്വദേശിയായ ഇദ്ദേഹം വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളിൽ നേതൃപരമായ പങ്കുവഹിക്കുന്നു.
1. അബൂദബിയിലെ സർക്കാർ അംഗീകൃത കൂട്ടായ്മയായ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ  ജനറൽ ഗവർണർ.
2.  തിരുവനന്തപുരം ജില്ലാ മലയാളി കൂട്ടായ്മയായ ‘അനോറ ഗ്ലോബലിന്റെ’ അധ്യക്ഷൻ.
3. എസ്എൻഡിപി യോഗം വർക്കല ശിവഗിരി യൂണിയൻ അധ്യക്ഷൻ.
4. എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി ഖജാൻജി.
5. ‘സേവനം ദുബായ്’ സംഘടനയുടെ അധ്യക്ഷൻ.
6. കേരള സോഷ്യൽ സെന്റർ, മലയാളി സമാജം എന്നിവയിലെ സജീവ അംഗം.
വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, ഗവേഷകർ, സ്റ്റാർട്ടപ്പ് സംരംഭകർ എന്നിവർ പങ്കെടുത്ത ദേശീയ സമ്മേളനത്തിൽ വ്യവസായ-വിദ്യാഭ്യാസ മേഖലകളുടെ ഏകോപനം, ചെറുകിട-ഇടത്തരം വ്യവസായങ്ങളിലെ ഗവേഷണ വികസനം, സാങ്കേതിക വിദ്യയുടെ കൈമാറ്റം, സുസ്ഥിര വികസനം എന്നീ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടന്നു. ജയപ്രകാശൻ ബാഹുലേയന് ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരം പ്രവാസി മലയാളി സമൂഹത്തിന് ലഭിച്ച വലിയൊരു ആദരവാണെന്ന് ഐ എസ് സി പ്രസിഡന്റ് ജയചന്ദ്രൻ നായർ അഭിപ്രായപ്പെട്ടു.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest