Connect with us

Malappuram

ലോക അറബി ഭാഷാ ദിനാചരണം; മഅ്ദിന്‍ ഫിയസ്ത അറബിയ്യ സമാപന പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം

മനുഷ്യ ജീവിതത്തിലെ ഏറ്റവും വിസ്മയ ഭാവമാണ് ഭാഷയെങ്കിലും അവ വിവേചനത്തിനും ആസുരതകള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നുവെന്നത് ഈ കാലത്തിന്റെ ദുരന്തമാണെന്ന് ഖലീൽ തങ്ങൾ

Published

|

Last Updated

മലപ്പുറം | ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ രണ്ട് മാസമായി നടന്നു വന്നിരുന്ന ഫിയസ്ത അറബിയ്യ സമാപന പരിപാടികള്‍ക്ക് തുടക്കമായി. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മനുഷ്യ ജീവിതത്തിലെ ഏറ്റവും വിസ്മയ ഭാവമാണ് ഭാഷയെങ്കിലും അവ വിവേചനത്തിനും ആസുരതകള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നുവെന്നത് ഈ കാലത്തിന്റെ ദുരന്തമാണെന്ന് അദ്ദേഹം പറഞ്ഞു. അറബി ഭാഷാ ആഗോള തലത്തില്‍ തന്നെ ഏറ്റവും സ്വാധീനമുള്ള ഭാഷയാണെന്നും കേരളത്തില്‍ അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുല്ലിയ്യ ശരീഅ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ അസി. രജിസ്ട്രാര്‍ എ. മൊയ്തീന്‍ കുട്ടി, മുഹമ്മദ് നൗഫല്‍ കോഡൂര്‍, സൈതലവിക്കോയ കൊണ്ടോട്ടി, ദുല്‍ഫുഖാര്‍ അലി സഖാഫി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, അബ്ദുല്ലത്തീഫ് പൂവ്വത്തിക്കല്‍, അറബിക് വില്ലേജ് ഡയറക്ടര്‍ കെ.ടി അ്ബ്ദുസ്സമദ് സഖാഫി, സൈഫുള്ള നിസാമി ചുങ്കത്തറ എന്നിവര്‍ പ്രസംഗിച്ചു.

ടൂറിസം, തൊഴില്‍, വിദ്യാഭ്യാസം, ഗവേഷണം, അധ്യാപനം, വിവര്‍ത്തനം തുടങ്ങിയ സെഷനുകളിലായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 17 ന് നടക്കുന്ന സമാപന സംഗമം അമേരിക്കല്‍ ഡിഫന്‍സ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ അസോസിയേറ്റ് പ്രൊഫസര്‍ അലി മോസ അല്‍ ഫാളില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അറബി കലാ സാഹിത്യ മത്സരങ്ങള്‍ നടക്കും.

അറബിക് പ്രസംഗം, ഫോട്ടോസ്‌റ്റോറി, അടിക്കുറിപ്പ്, പ്രബന്ധ രചന, സംഭാഷണം, ട്രാന്‍സലേഷന്‍, ഡയലോഗ്, വാര്‍ത്താ വായന, നശീദ തുടങ്ങിയ മത്സരയിനങ്ങളില്‍ 500 പ്രതിഭകള്‍ മാറ്റുരക്കും.