Connect with us

National

തൊഴിലാളികള്‍ക്ക് സുരക്ഷിത അന്തരീക്ഷം നല്‍കും: എം കെ സ്റ്റാലിന്‍

തങ്ങളുടെ ജന്മസ്ഥലത്ത് താമസിക്കുന്നതുപോലെ സുരക്ഷിതത്വമുണ്ടെന്നും തൊഴിലാളികള്‍ സ്റ്റാലിനോട് പറഞ്ഞു.

Published

|

Last Updated

തിരുനെല്‍വേലി| തമിഴ്നാട്ടിലെ കുടിയേറ്റ തൊഴിലാളികളുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സംവദിച്ചു. ലാറ്റക്സ് യൂണിറ്റിലെ ഒരു കൂട്ടം തൊഴിലാളികളുമായാണ് സ്റ്റാലിന്‍ സംവദിച്ചത്. ബിഹാറിലെ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ വീഡിയോകള്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ നീക്കം.

സംസ്ഥാനത്തെ ഹാന്‍ഡ് ഗ്ലൗസ് നിര്‍മ്മാണ സ്ഥാപനമായ കാനം ലാറ്റക്സ് സന്ദര്‍ശിച്ച സ്റ്റാലിന്‍ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ചു. ഇവിടെ നല്ല തൊഴില്‍ അന്തരീക്ഷമുണ്ടെന്നും ചിലര്‍ അഞ്ചില്‍ കൂടുതല്‍ വര്‍ഷമായി താമസിക്കുന്നെന്നും തൊഴിലാളികള്‍ പറഞ്ഞു. വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ പലരും കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് യാതൊരു ഭയവും ഇല്ലെന്നും, തങ്ങളുടെ ജന്മസ്ഥലത്ത് താമസിക്കുന്നതുപോലെ സുരക്ഷിതത്വമുണ്ടെന്നും തൊഴിലാളികള്‍ സ്റ്റാലിനോട് പറഞ്ഞു.

വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നും എല്ലാ സംസ്ഥാനങ്ങളിലെയും തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി തൊഴിലാളികളോട് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ നിര്‍മ്മാണം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്.

അതിനിടെ, നാലംഗ ബിഹാര്‍ സര്‍ക്കാര്‍ പ്രതിനിധി സംഘം ഉദ്യോഗസ്ഥരുമായും തൊഴിലാളികളുമായും ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തി. വ്യാജ വീഡിയോകള്‍ പുറത്തുവന്നതിന് ശേഷമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.