Kerala
രാത്രിയുടെ മറവിലാണോ ഒരാളെ സസ്പെന്‍ഡ് ചെയ്യേണ്ടത്, ഡിസിസി പ്രസിഡന്റ് പക്വത കാണിച്ചില്ല; ലാലി ജെയിംസ്
ഇരുട്ടത്തെടുത്ത നടപടി സന്തോഷത്തോടെ സ്വീകരിക്കുന്നു. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് നടപടി സ്വീകരിച്ചത്.
തൃശൂര്‍|തൃശൂര്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത നടപടിയിലെ അതൃപ്തി പരസ്യമാക്കിയ ലാലി ജെയിംസ് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ രംഗത്ത്. രാത്രിയുടെ മറവില്‍ തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി അപക്വമായെന്ന് ലാലി ഡിസിസി പ്രസിഡന്റെ ജോസഫ് ടാജറ്റിനെതിരെ പ്രതികരിച്ചു. ഇരുട്ടത്തെടുത്ത നടപടി സന്തോഷത്തോടെ സ്വീകരിക്കുന്നു. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് നടപടി സ്വീകരിച്ചത്. സസ്പെന്‍ഡ് ചെയ്താലും താന്‍ കോണ്‍ഗ്രസുകാരിയായി തുടരും. തന്നെ തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ലാലി വ്യക്തമാക്കി.
കോണ്‍ഗ്രസുകാരിയായി തുടരാന്‍ കോണ്‍ഗ്രസിന്റെ അംഗത്വം ആവശ്യമില്ല. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും ലാലി ജെയിംസ് പറഞ്ഞു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങളില്‍ അടിയന്തര അന്വേഷണം നടത്തിയ ഡിസിസിയുടെ റിപ്പോര്‍ട്ടിന്മേലാണ് ഇന്നലെ ലാലിക്കെതിരെ നടപടിയെടുത്തത്.
ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പാര്‍ട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ കയ്യില്‍ പണമില്ലാത്തതിനാല്‍ പാര്‍ട്ടി ഫണ്ട് നല്‍കാനാവില്ലെന്ന് പറഞ്ഞു. നിജി ജസ്റ്റിന്‍ പാര്‍ട്ടി ഫണ്ട് നല്‍കിയിട്ടുണ്ടാകുമെന്നും മേയര്‍ പദവി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ലാലി പറഞ്ഞു. വിഷയത്തില്‍ എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ലെന്നും രണ്ട് ഘടകങ്ങളും അവര്‍ക്കൊപ്പമായതിനാല്‍ നേതൃത്വത്തെ സമീപിച്ചിട്ട് കാര്യമില്ലെന്നും ലാലി പ്രതികരിച്ചു.
കെസി വേണുഗോപാലും ഡിസിസി പ്രസിഡന്റുമെല്ലാം ഉയര്‍ന്ന നേതാക്കളായിരിക്കും. നേതാക്കള്‍ക്ക് മാത്രമാണോ ആത്മാഭിമാനം ഉള്ളത്. സ്ഥാനമോഹികളാവുന്നത് എന്തിനാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. എങ്കില്‍ ചുമതലകളൊന്നും വേണ്ട. ആര്‍ക്കും ഒരു പദവിയും വേണ്ട. താഴെത്തട്ടിലുള്ളവര്‍ മുതല്‍ മുകളിലുള്ളവര്‍ വരെ സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അല്ലെങ്കില്‍ ജീവകാരുണ്യപ്രവര്‍ത്തനം മാത്രം ചെയ്ത് മുന്നോട്ടുപോയാല്‍ മതിയല്ലോയെന്നും ലാലി ജെയിംസ് ചോദിച്ചു. ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ കൂടിയാലോചനയ്ക്ക് ശേഷം നടത്തുമെന്നും ലാലി വ്യക്തമാക്കി.

