Kerala
യുവതിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ യുവതിയുടെ ശരീരത്തില്‍ 53 മുറിവുകളുള്ളതായും ക്രൂരമായ പീഡനത്തിനിരയായെന്നും കണ്ടെത്തിയിരുന്നു
പത്തനംതിട്ട | യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ നസീറിനെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി(1) ജഡ്ജി ജി പി ജയകൃഷ്ണന്‍ ശിക്ഷിച്ചത്. ലൈംഗിക പീഡനത്തിന് 10 വര്‍ഷവും വീട്ടില്‍ അതിക്രമിച്ച് കടന്നതിനു 7 വര്‍ഷം തടവും അനുഭവിക്കണം. കോട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണങ്കവയല്‍ വീട്ടില്‍ ടിഞ്ചു മൈക്കിളാണ് (25) കൊല്ലപ്പെട്ടത്.
2019 ഡിസംബര്‍ 15 നായിരുന്നു സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞ് ആണ്‍സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന ടിഞ്ചുവിനെ തടിക്കച്ചവടക്കാരനായ നസീര്‍ വീട്ടില്‍ക്കയറി ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
ടിഞ്ചുവിനൊപ്പം താമസിച്ചിരുന്ന ആണ്‍സുഹൃത്തിനെയാണ് ലോക്കല്‍ പൊലീസ് ആദ്യം സംശയിച്ചിരുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ യുവതിയുടെ ശരീരത്തില്‍ 53 മുറിവുകളുള്ളതായും ക്രൂരമായ പീഡനത്തിനിരയായെന്നും കണ്ടെത്തിയിരുന്നു. യുവതിയുടെ നഖത്തിനിടയില്‍ നിന്നും ലഭിച്ച രക്തമുള്‍പ്പെടെയുള്ളവ കേസില്‍ പ്രധാന വഴിത്തിരിവായി. സാംപിള്‍ ശാസ്ത്രീയ പരിശോധനക്ക് ഫോറെന്‍സിക് ലാബിലയച്ചതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തി അന്വേഷണം തുടര്‍ന്നു. അജ്ഞാതനായ ഒരാളുടെ ഡിഎന്‍എയുടെ സാന്നിധ്യം കണ്ടെത്തിയത് അന്വേഷണസംഘത്തെ പ്രതിയിലേക്ക് അടുപ്പിക്കുകയായിരുന്നു. സംശയത്തിലുള്ളവരുടെ രക്തസാംപിള്‍ അന്വേഷണ സംഘം ശേഖരിച്ചു. സംഭവദിവസം പ്രതി നസീര്‍, ടിഞ്ചു താമസിച്ചിരുന്ന വീട്ടില്‍ മരങ്ങള്‍ നോക്കാനെത്തിയിരുന്നു. നഖത്തിനിടയിലെ ഡിഎന്‍എ നസീറിന്റേതാണെന്ന് തെളിഞ്ഞതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു





