Kerala
സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയുടെ സ്വര്‍ണാഭരണം കവര്‍ന്ന കേസ്; അയല്‍വാസി പിടിയില്‍
എസ്‌ഐആര്‍ ഫോറം പൂരിപ്പിക്കാനെന്ന വ്യാജേന സ്ത്രീ വേഷത്തില്‍ വീട്ടിലെത്തിയ പ്രതി വീട്ടമ്മയെ ഉപദ്രവിക്കുകയും ആഭരണങ്ങള്‍ കവരുകയുമായിരുന്നു
മലപ്പുറം | തിരുനാവായ സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി പടിയില്‍. പൂളമംഗലം പാക്കച്ചിറ കരിങ്കപ്പാറ ഹംസ ഹാജിയുടെ ഭാര്യ നഫീസ (58) യുടെ മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. സംഭവത്തില്‍ വീട്ടമ്മയുടെ അയല്‍വാസിയായ പുത്തന്‍പീടിയേക്കല്‍ ഷാക്കിര്‍ (34) നെയാണ് പിടികൂടിയത്.
എസ്‌ഐആര്‍ ഫോറം പൂരിപ്പിക്കാനെന്ന വ്യാജേന സ്ത്രീ വേഷത്തില്‍ വീട്ടിലെത്തിയ പ്രതി പൂരിപ്പിക്കാനാവശ്യമായ രേഖകള്‍ എടുക്കാന്‍ മുറിയിലേക്ക് പോയ സമയം പിറകിലെത്തി ഉപദ്രവിക്കുകയും ആഭരണങ്ങള്‍ കവരുകയുമായിരുന്നു. സ്ത്രീവേഷത്തിലെത്തിയെങ്കിലും ശബ്ദം കൊണ്ട് പുരുഷനാണെന്ന് നഫീസ തിരിച്ചറിഞ്ഞു.
പ്രതി വന്നു പോയപ്പോള്‍ മറന്നു വെച്ച ബുക്കാണ് കേസില്‍ നിര്‍ണായകമായത്. പ്രതി വന്ന ദിവസംവീട്ടില്‍ നഫീസ മാത്രമാണുണ്ടായിരുന്നത്.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഹംസ ഹാജിയെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. കഴുത്തിനും കൈവിരലിനും പരുക്കേറ്റ വീട്ടമ്മ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സ്വര്‍ണാ ഭരണങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.




