Connect with us

National

പ്രധാനമന്ത്രിയുടെ ഇസ്റാഈൽ സന്ദർശനം: എപ്സ്റ്റീൻ ഫയലുകൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്റാഈലിൽ ഔദ്യോഗിക സന്ദർശനം നടത്തി എന്നത് വസ്തുതയാണെന്നും എന്നാൽ ഇമെയിൽ സന്ദേശങ്ങളിൽ പറയുന്ന മറ്റ് കാര്യങ്ങൾ അസംബന്ധമാണെന്നും മന്ത്രാലയ വക്താവ്

Published

|

Last Updated

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ഇസ്റാഈൽ സന്ദർശനത്തെയും പരാമർശിച്ചുകൊണ്ട് എപ്സ്റ്റീൻ ഫയലുകൾ എന്ന പേരിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് വിദേശകാര്യ മന്ത്രാലയം. ഇത്തരം അവകാശവാദങ്ങളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായി മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്റാഈലിൽ ഔദ്യോഗിക സന്ദർശനം നടത്തി എന്നത് വസ്തുതയാണെന്നും എന്നാൽ ഇമെയിൽ സന്ദേശങ്ങളിൽ പറയുന്ന മറ്റ് കാര്യങ്ങൾ അസംബന്ധമാണെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ ചവറ്റുകുട്ടയിൽ തള്ളേണ്ട ചിന്തകൾ മാത്രമാണിതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ വീണ്ടും പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ പ്രതികരണം.

യു എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട വിപുലമായ രേഖകളുടെ ഭാഗമായാണ് ഈ ഫയലുകളും പുറത്തുവന്നത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരസ്യമാക്കണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ട്രംപ് ഭരണകൂടം ആസൂത്രണം ചെയ്ത വെളിപ്പെടുത്തലുകളുടെ അവസാന ഘട്ടമാണിതെന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വെള്ളിയാഴ്ച അറിയിച്ചിരുന്നു. 30 ലക്ഷത്തിലധികം പേജുകളുള്ള രേഖകളും രണ്ടായിരത്തോളം വീഡിയോകളും 1.8 ലക്ഷം ചിത്രങ്ങളുമാണ് പുതിയ ബാച്ചിൽ ഉൾപ്പെടുന്നത്.

2019 ജൂലൈയിൽ ലൈംഗിക വ്യാപാരക്കേസിൽ അറസ്റ്റിലായ ജെഫ്രി എപ്സ്റ്റീനെ ഒരു മാസത്തിന് ശേഷം ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എപ്സ്റ്റീന്റെ മരണം ആത്മഹത്യയാണെന്ന് ഒന്നിലധികം അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ അവസാന സന്ദേശം ഒരു ആത്മഹത്യാക്കുറിപ്പായി തോന്നുന്നില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണങ്ങളും പുതിയ ഇമെയിൽ രേഖകളിലുണ്ട്.

---- facebook comment plugin here -----

Latest