National
മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാര്‍ സത്യപ്രതിജ്ഞ ചെയ്തു
അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്നാണ് സുനേത്ര ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തത്.
മുംബൈ | അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്നാണ് സുനേത്ര ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തത്. ഇന്ന് ചേര്‍ന്ന എന്‍സിപി നിയമസഭാ കക്ഷി യോഗം സുനേത്രയെ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. നിലവില്‍ രാജ്യസഭാ എംപിയാണ് സുനേത്ര പവാര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ബുധനാഴ്ച ബാരാമതി വിമാനത്താവളത്തിലുണ്ടായ അപകടത്തിലാണ് അജിത് പവാര്‍ അന്തരിച്ചത്. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനും രണ്ട് പൈലറ്റുമാരും ഫ്ലൈറ്റ് അറ്റന്‍ഡന്റും അപകടത്തില്‍ മരിച്ചിരുന്നു.വ്യാഴാഴ്ച ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാന്‍ ഗ്രൗണ്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അജിത് പവാറിന്റെ സംസ്‌കാരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, നിതിന്‍ ഗഡ്കരി, ശരദ് പവാര്‍ തുടങ്ങി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന് അവസാനമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.




