Business
വെള്ളി വില ഒറ്റയടിക്ക് 25 ശതമാനം ഇടിഞ്ഞു; കിലോഗ്രാമിന് ഒരു ലക്ഷം രൂപയോളം കുറഞ്ഞു
അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാനായി കെവിൻ വാർഷിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തതോടെ ഡോളർ കരുത്താർജ്ജിച്ചതാണ് സ്വർണ്ണത്തിനും വെള്ളിക്കും തിരിച്ചടിയായത്.
ന്യൂഡൽഹി | ആഭ്യന്തര വിപണിയിൽ വെള്ളി വിലയിൽ വൻ ഇടിവ്. സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയിരുന്ന വെള്ളി വില എം സി എക്സിൽ ഒറ്റ ദിവസം കൊണ്ട് 25 ശതമാനത്തോളം ഇടിഞ്ഞു. കിലോഗ്രാമിന് ഒരു ലക്ഷം രൂപയോളമാണ് കുറഞ്ഞത്. ഇതോടെ മുൻപ് റെക്കോർഡ് നിരക്കായ നാല് ലക്ഷം രൂപയ്ക്ക് അടുത്തെത്തിയ വില മൂന്ന് ലക്ഷം രൂപയിലേക്ക് താഴ്ന്നു.
അന്താരാഷ്ട്ര വിപണിയിലുണ്ടായ തകർച്ചയാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിൽ വെള്ളി വില ഔൺസിന് 121.60 ഡോളറിൽ നിന്ന് 28 ശതമാനം ഇടിഞ്ഞ് 85 ഡോളറിലെത്തി. അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാനായി കെവിൻ വാർഷിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തതോടെ ഡോളർ കരുത്താർജ്ജിച്ചതാണ് സ്വർണ്ണത്തിനും വെള്ളിക്കും തിരിച്ചടിയായത്. ഡോളർ ഇൻഡക്സ് 97 കടന്നതോടെ മറ്റ് കറൻസികൾ ഉപയോഗിച്ച് വെള്ളി വാങ്ങുന്നവർക്ക് ചിലവ് വർദ്ധിക്കുകയും നിക്ഷേപകർ പിൻവാങ്ങുകയും ചെയ്തു.
സ്വർണ്ണ വിലയിലുണ്ടായ ഇടിവും വെള്ളിയെ ബാധിച്ചിട്ടുണ്ട്. സ്വർണ്ണത്തിന് പിന്നാലെ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതോടെ വെള്ളി വിപണി കൂടുതൽ അസ്ഥിരമായി. അതേസമയം വ്യവസായ ആവശ്യങ്ങൾക്കുള്ള വെള്ളിയുടെ വർദ്ധിച്ച ഡിമാൻഡും കുറഞ്ഞ ലഭ്യതയും വിപണിക്ക് ദീർഘകാലാടിസ്ഥാനത്തിൽ കരുത്ത് നൽകുമെന്ന് നിരീക്ഷകർ കരുതുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ജാഗ്രത പാലിക്കാനാണ് വിദഗ്ധരുടെ നിർദ്ദേശം.




