Kerala
പതാക ഉയര്‍ന്നു: മര്‍കസ് സനദ് ദാന സമ്മേളന പരിപാടികള്‍ക്ക് തുടക്കം
സമ്മേളനത്തിന് മുന്നോടിയായി വിവിധ ആത്മീയ-വൈജ്ഞാനിക സംഗമങ്ങളാണ് ഇന്ന് മുതല്‍ മര്‍കസില്‍ നടക്കുക.
കോഴിക്കോട് | ഫെബ്രുവരി 5ന് നടക്കുന്ന മര്‍കസ് സനദ് ദാന സമ്മേളനത്തിന്റെ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു. സമ്മേളനത്തിന് മുന്നോടിയായി വിവിധ ആത്മീയ-വൈജ്ഞാനിക സംഗമങ്ങളാണ് ഇന്ന് മുതല്‍ മര്‍കസില്‍ നടക്കുക.
ജാമിഅ മര്‍കസില്‍ നിന്ന് 517 സഖാഫികളും 31 കാമില്‍ സഖാഫികളും മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ 82 ഹാഫിളുകളും ഇത്തവണത്തെ സമ്മേളനത്തില്‍ സനദ് സ്വീകരിക്കും.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുല്‍ ബുഖാരി ദര്‍സിന്റെ വാര്‍ഷിക സമാപനമായ ഖത്മുല്‍ ബുഖാരി സംഗമമാണ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. പ്രാസ്ഥാനിക സംഗമം, സഖാഫി പ്രതിനിധി മീറ്റ്, യുവ സംരംഭക കോണ്‍ക്ലേവ്, പ്രവാസി സമ്മിറ്റ്, അധ്യാപക സംഗമം, പണ്ഡിത സംഗമം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
നാളെ (ഞായര്‍) മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസില്‍ വൈകുന്നേരം 7ന് മതപ്രഭാഷണം നടക്കും. തിങ്കള്‍ വൈകുന്നേരം 4ന് ബറാഅത്ത് ആത്മീയ സംഗമവും ബുധന്‍ രാത്രി അഹ്ദലിയ്യ ആത്മീയ സംഗമവും നടക്കും.
വ്യാഴാഴ്ച നടക്കുന്ന സനദ് ദാന പൊതു സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാരഥികളും ദേശീയ-അന്തര്‍ദേശീയ വ്യക്തിത്വങ്ങളും മതപണ്ഡിതരും സാമൂഹിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും.
സമ്മേളന നഗരിയില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിന് സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ വൈലത്തൂര്‍, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, സയ്യിദ് മുഹമ്മദ് ബാഫഖി, ഗഫൂര്‍ ഹാജി അല്‍ ഐന്‍ എന്നിവര്‍ നേതൃത്വം നല്‍കി.




