National
പുകവലിക്ക് ഇനി വലിയ ചെലവ്; സിഗരറ്റ് വില നാളെ മുതൽ കുത്തനെ ഉയരും
സിഗരറ്റിന്റെ നീളവും തരവും അനുസരിച്ച് 15 മുതൽ 30 ശതമാനം വരെ വില വർധനവാണ് പ്രതീക്ഷിക്കുന്നത്.
മുംബൈ | ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്‌കരണം എന്നിവ വരുന്നതോടെ നാളെ മുതൽ വിപണിയിൽ സിഗരറ്റുകളുടെ വില ഗണ്യമായി ഉയരും. സിഗരറ്റിന്റെ നീളവും തരവും അനുസരിച്ച് 15 മുതൽ 30 ശതമാനം വരെ വില വർധനവാണ് പ്രതീക്ഷിക്കുന്നത്.
സാധാരണ ഉപഭോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന 69 മില്ലീമീറ്റർ, 74 മില്ലീമീറ്റർ വലിപ്പത്തിലുള്ള സിഗരറ്റുകൾക്ക് ഏകദേശം 15 ശതമാനം വിലക്കയറ്റമുണ്ടാകും. അതേസമയം ബ്രാൻഡഡ്, കിംഗ് സൈസ് സിഗരറ്റുകൾക്ക് ഉയർന്ന നികുതി സ്ലാബാണ് ബാധകമാക്കുന്നത്.
പുതിയ നികുതി ഘടന പ്രകാരം, ഓരോ ആയിരം സിഗരറ്റുകൾക്കും 2,050 രൂപ മുതൽ 8,500 രൂപ വരെ എക്സൈസ് തീരുവ ഈടാക്കും. 65 മില്ലീമീറ്റർ വരെ നീളമുള്ള സിഗരറ്റിന് ഓരോന്നിന് 2 രൂപ 10 പൈസയുടെ വർധനവുണ്ടാകും.
65 മുതൽ 70 മില്ലീമീറ്റർ വരെ നീളമുള്ള സിഗരറ്റുകൾക്ക് 3.60 മുതൽ നാല് രൂപ വരെ അധിക നികുതി ചുമത്തും. 70 മുതൽ 75 മില്ലീമീറ്റർ വരെ നീളമുള്ള ഓരോ സിഗരറ്റിനും 5.40 രൂപയിലധികം നികുതി നൽകേണ്ടിവരും.
സിഗരറ്റ് ഉപയോഗം കുറയ്ക്കുന്നതിനായി ഉയർന്ന നികുതി നിരക്കുകൾ ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്തിരുന്നു. ഇന്ത്യയിൽ ഇതുവരെ സിഗരറ്റിന് 28 ശതമാനം ജിഎസ്ടിയായിരുന്നു ഈടാക്കിയിരുന്നത്. ഇതിനൊപ്പം ജിഎസ്ടി നഷ്ടപരിഹാര സെസ്, ദേശീയ ദുരന്ത നിവാരണ സെസ്, എക്സൈസ് തീരുവ എന്നിവയും നിലവിലുണ്ടായിരുന്നു.
പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി നഷ്ടപരിഹാര സെസ് ഒഴിവാക്കി ജിഎസ്ടി 40 ശതമാനമായി ഉയർത്താനാണ് തീരുമാനം. കൂടാതെ എക്സൈസ് തീരുവയിലും വൻ വർധനവാണ് നടപ്പാക്കുന്നത്.



