Connect with us

National

യു ജി സി ഇക്വിറ്റി ചട്ടങ്ങള്‍ പുനഃസ്ഥാപിക്കണം: എസ് എസ് എഫ് നാഷണല്‍ കൗണ്‍സില്‍

അവഗണനയിലേക്ക് തള്ളപ്പെടുന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ നേരിടുന്ന ഘടനാപരമായ വിവേചനങ്ങളെ നേരിടാൻ ഈ ചട്ടങ്ങൾ അനിവാര്യമാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.

Published

|

Last Updated

ഇന്‍ഡോര്‍ | സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇക്വിറ്റി ചട്ടങ്ങളുടെ പ്രോത്സാഹനം) ചട്ടങ്ങൾ, 2026 ഉടൻ പുനഃസ്ഥാപിച്ച് പൂർണ്ണമായി നടപ്പാക്കണമെന്ന് എസ് എസ് എഫ് നാഷണൽ കൗൺസിൽ ആവശ്യപ്പെട്ടു. അവഗണനയിലേക്ക് തള്ളപ്പെടുന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ നേരിടുന്ന ഘടനാപരമായ വിവേചനങ്ങളെ നേരിടാൻ ഈ ചട്ടങ്ങൾ അനിവാര്യമാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ അക്കാദമിക് ഇടങ്ങളാകണമെന്ന ലക്ഷ്യത്തിനുമപ്പുറം, രാജ്യത്തെ നിരവധി സർവകലാശാലകൾ ഇന്നും ജാതിവ്യവസ്ഥയും ജാതി അധിഷ്ഠിത വിവേചനവും നിലനിൽക്കുന്ന ഇടങ്ങളായി തുടരുന്നതായി വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർവകലാശാലകളിൽ ജാതിവിവേചനവുമായി ബന്ധപ്പെട്ട പരാതികളിൽ 118.4 ശതമാനം വർധന ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓൾ ഇന്ത്യ സർവേ ഓൺ ഹൈയർ എഡ്യൂക്കേഷൻ (AISHE) പ്രകാരം, പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷ വിഭാഗങ്ങൾ, ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികൾ, ആദ്യതലമുറ പഠിതാക്കൾ എന്നിവരിൽ ഡ്രോപ്പ്ഔട്ട് നിരക്ക് ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിലയിലാണ്.

ക്യാമ്പസുകൾക്ക് സ്വയം വിവേചനം നിയന്ത്രിക്കാമെന്ന ധാരണ ഇതിനകം തന്നെ പരാജയപ്പെട്ടുവെന്ന് കൗൺസിൽ വിലയിരുത്തി. നിയമപരമായ അധികാരമില്ലാത്ത ആഭ്യന്തര പരാതി പരിഹാര സംവിധാനങ്ങൾ പല സ്ഥാപനങ്ങളിലും ഭരണസമ്മർദ്ദങ്ങൾക്കും ഉദ്യോഗസ്ഥ അനാസക്തിക്കും താൽപര്യ സംഘർഷങ്ങൾക്കും കീഴടങ്ങിയതായി കൗൺസിൽ ആരോപിച്ചു.

ചില സ്ഥാപനങ്ങളിൽ ഇത്തരം സംവിധാനങ്ങൾ പേരിനായി മാത്രം നിലനിൽക്കുന്ന ഘടനകളായി മാറിയതായും കൗൺസിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സ്ഥാപന ഉത്തരവാദിത്തം ഉറപ്പാക്കുകയും, ഏകീകൃത നടപടിക്രമങ്ങളും കൃത്യമായ ഉത്തരവാദിത്വ സംവിധാനങ്ങളും നടപ്പാക്കുകയും ചെയ്യുന്ന ഇക്വിറ്റി ചട്ടങ്ങൾ ഏറെക്കാലമായി ആവശ്യമായ ഇടപെടലായി മാറിയതെന്ന് എസ്.എസ്.എഫ് ഇന്ത്യ വ്യക്തമാക്കി.

സാമൂഹിക ആധിപത്യമുള്ള വിഭാഗങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് ഇത്തരം ചട്ടങ്ങൾ പിൻവലിക്കപ്പെടുന്നത് സാമൂഹ്യന്യായം, സമത്വം, മാനവമഹത്വം എന്നിവയെക്കുറിച്ചുള്ള ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും കൗൺസിൽ വ്യക്തമാക്കി.

അതിനാൽ, ഇക്വിറ്റി ചട്ടങ്ങൾ യാതൊരു ഭേദഗതിയും ഇല്ലാതെ പൂർണ്ണരൂപത്തിൽ പുനഃസ്ഥാപിക്കുകയും, ദുരുപയോഗത്തിനും തെറ്റായ വ്യാഖ്യാനങ്ങൾക്കും സ്ഥാപനാത്മക കൃത്രിമത്വങ്ങൾക്കും വഴിയൊരുക്കാതെയുള്ള കർശനമായ നടപ്പാക്കൽ ഉറപ്പാക്കണമെന്നും കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

എസ്.എസ്.എഫ് നാഷണൽ കൗൺസിൽ സയ്യിദ് സാബിർ അലി സാഹബ് പ്രാർത്ഥനയോടെ ആരംഭിച്ചു. ജനറൽ സെക്രട്ടറി ദിൽഷാദ് അഹമ്മദ് സ്വാഗതപ്രസംഗം നടത്തി. ഉദ്ഘാടന സംഗമം എസ്.എസ്.എഫ് അധ്യക്ഷൻ സി.പി. ഉബൈദുള്ള സഖാഫി അധ്യക്ഷത വഹിച്ചു. നൗഷാദ് ആലം മിസ്ബാഹി ഉദ്ഘാടനം ചെയ്തു. മുഫ്തി മുഹമ്മദ് ആരിഫ്, സയ്യിദ് നാസിം ഇൻഡോർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. കൗൺസിൽ സയ്യിദ് അബ്ദുൽ ഖാദർ അവതരിപ്പിച്ച നന്ദിപ്രസ്താവനയോടെ സമാപിച്ചു.

---- facebook comment plugin here -----

Latest