International
പാകിസ്താനില്‍ ബിഎല്‍എ ആക്രമണത്തില്‍ പത്ത് പാക് സൈനികര്‍ കൊല്ലപ്പെട്ടു
അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്
ഇസ്ലാമാബാദ് | പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) നടത്തിയ ആക്രമണത്തില്‍ പത്ത് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാതിയിരുന്നു ആക്രമണം. സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 37 ഭീകരരെ വധിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം, പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ ഓപ്പറേഷന്‍ ഹെറോഫ് ആരംഭിച്ചതായി ബിഎല്‍എ നേതൃത്വം പ്രഖ്യാപിച്ചു.
സൈനിക സ്ഥാപനങ്ങളെയും പോലീസിനെയുമാണ് ബിഎല്‍എ ലക്ഷ്യം വച്ചത്. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്ക്ക് പുറമെ പാസ്നി, മസ്തൂംഗ്, നുഷ്‌കി, ഗ്വാദര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ക്വറ്റയില്‍ മാത്രം നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് പ്രവിശ്യയിലുടനീളം സുരക്ഷ കര്‍ശനമാക്കി. പ്രധാന നഗരങ്ങളില്‍ സേനാ വിഭാഗങ്ങളെ വിന്യസിച്ചു.





