Uae
പൗരന്മാരുടെ കൈപിടിച്ച് ഭരണാധികാരികൾ; ദുബൈയിൽ 4,631 പാർപ്പിട പ്ലോട്ടുകൾ അനുവദിച്ചു
ഓരോ സ്വദേശി കുടുംബത്തിനും അനുയോജ്യമായ പാർപ്പിടം ഉറപ്പാക്കുക എന്നത് ദുബൈയുടെ വികസന യാത്രയിലെ മുൻഗണനാ വിഷയമാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്
ദുബൈ | സ്വദേശി പൗരന്മാർക്കായി ദുബൈയിൽ 530 കോടി ദിർഹം വിലമതിക്കുന്ന 4,631 പാർപ്പിട പ്ലോട്ടുകൾ അനുവദിച്ചു. ഓരോ സ്വദേശി കുടുംബത്തിനും അനുയോജ്യമായ പാർപ്പിടം ഉറപ്പാക്കുക എന്നത് ദുബൈയുടെ വികസന യാത്രയിലെ മുൻഗണനാ വിഷയമാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് വ്യക്തമാക്കി. അൽ അയ്യാസ്, ലത്തീഫ സിറ്റി, മുശ്്രിഫ് എന്നീ മേഖലകളിലായി 7.1 കോടി ചതുരശ്ര അടിയിലധികം വിസ്തൃതിയിലാണ് ഈ പ്ലോട്ടുകൾ.
ജനസംഖ്യാ വളർച്ചക്കും നഗര വികസനത്തിനും അനുയോജ്യമായ രീതിയിൽ ഗ്രീൻ സ്‌പേസുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, വിനോദ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സമഗ്രമായ സൗകര്യങ്ങൾ ഈ മേഖലകളിൽ ഉറപ്പാക്കുമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
അബൂദബിയിൽ 421 കോടിയുടെ പദ്ധതി
അബൂദബിയിൽ 421 കോടി ദിർഹമിന്റെ ഭവന ആനുകൂല്യ പാക്കേജിന് അംഗീകാരം നൽകി. എമിറേറ്റിലെ 2,652 സ്വദേശി പൗരന്മാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. യു എ ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ നിർദേശപ്രകാരം, കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനാണ് പദ്ധതി അംഗീകരിച്ചത്.
2026-ലെ ആദ്യ ഭവന പാക്കേജ് ഈദുൽ ഫിത്വർ പ്രമാണിച്ചാണ് അനുവദിച്ചിരിക്കുന്നത്. 1,415 പൗരന്മാർക്കായി 210 കോടി ദിർഹം ഭവന വായ്പ, 914 പൗരന്മാർക്കായി നിർമിത വീടുകൾക്ക് 182 കോടി ദിർഹം, 185 പൗരന്മാർക്കായി 14.4 കോടി ദിർഹമിന്റെ പാർപ്പിട പ്ലോട്ടുകൾ എന്നിവ ഇതിൽ പ്രധാനമാണ്. മുതിർന്ന പൗരന്മാർ, കുറഞ്ഞ വരുമാനമുള്ള വിരമിച്ചവർ, മരണപ്പെട്ടവരുടെ അനന്തരാവകാശികൾ എന്നിവരുൾപ്പെടെ 138 പേർക്കായി വായ്പ തിരിച്ചടവിൽ 14.2 കോടി ദിർഹത്തിന്റെ ഇളവ് നൽകി.



