Connect with us

Kerala

സുരക്ഷിത വിദേശ കുടിയേറ്റത്തിന് നിയമനിര്‍മ്മാണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാറെന്ന് മുഖ്യമന്ത്രി; അഞ്ചാം ലോക കേരള സഭയ്ക്ക് വിജയകരമായ സമാപനം

സുരക്ഷിത പ്രവാസം ഉറപ്പാക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കും. നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സില്‍ തിരികെയെത്തിയ പ്രവാസികളെയും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും

Published

|

Last Updated

തിരുവനന്തപുരം |  ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് വിജയകരമായ സമാപനം. സജീവമായ ചര്‍ച്ചകളും വിലപ്പെട്ട നിര്‍ദ്ദേശങ്ങളുമാണ് സമ്മേളനത്തില്‍ ഉയര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എട്ട് വിഷയങ്ങളിലും, ഏഴ് മേഖല സമ്മേളനങ്ങളിലുമായി നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 15 ആം പഞ്ചവത്സര പദ്ധതി തയ്യാറാക്കി കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ ചര്‍ച്ചകള്‍ നടന്നത്. ഇത് അഞ്ചാം ലോക കേരള സഭയുടെ പ്രധാന ആകര്‍ഷകമാണ്. സുരക്ഷിത കുടിയേറ്റമാണ് പ്രധാനപ്പെട്ടത്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എമിഗ്രേഷന്‍ നിയമത്തിന്റെ ഒന്നാം കരട് 2019 ലും രണ്ടാം കരട് 2021 ലാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് 2025 ല്‍ ഓവര്‍സീസ് മൊബിലിറ്റി ഫെസിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ബില്ലും പ്രസിദ്ധീകരിച്ചു. പഴയ കരട് ബില്ലുകളില്‍ നിന്നും കാതലായ മാറ്റങ്ങളോടെയാണ് പുതിയ ബില്‍. സാധാരണക്കാരായ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണോ ഈ ബില്‍ എന്ന സംശയം പൊതുവേ ഉയര്‍ന്നു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്കും കുടുംബത്തിനുമായുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയായ നോര്‍ക്ക കെയര്‍ പദ്ധതിയില്‍ തിരികെയെത്തിയ പ്രവാസികളേയും കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു .

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, അനധികൃത റിക്രൂട്ട്‌മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവ ഗുരുതരമായ കാര്യങ്ങളാണ്. 2024-ല്‍ മാത്രം ഈ ഗണത്തില്‍ 1300 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊതുബോധം ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനും കുറ്റകൃത്യങ്ങള്‍ വ്യാപിക്കാതിരിക്കാനും ഇടപെടേണ്ടതുണ്ട്. ഇതിനാലാണ് നിലവിലെ എന്‍ ആര്‍ ഐ പോലീസ് സെല്ലിന് പകരമായി പ്രവാസികള്‍ക്ക് നേരിട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനമെന്ന നിലയില്‍ പ്രവാസി പേലീസ് സ്റ്റേഷന്‍ നിലവില്‍ വരിക. വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ സംബന്ധിച്ച വിവരങ്ങള്‍ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ ഇവയെല്ലാം വ്യക്തമാക്കുന്നതാണ് ലോക കേരള സഭയില്‍ ഉദ്ഘാടനം ചെയ്ത നോര്‍ക്ക സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശ ഭാഷാ പഠനത്തിനായുളള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസില്‍ ജാപ്പാനീസ് ഉള്‍പ്പെടെയുള്ള വിദേശ ഭാഷാ പഠനത്തിനും അവസരമൊരുക്കും. സുരക്ഷിത പ്രവാസത്തിന് ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവര്‍ അംഗങ്ങളായുള്ള ഒരു ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കും.

പ്രവാസികളുടെയും തിരികെ വന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനസംയോജനത്തിനുമായാണ് പ്രവാസി മിഷന്‍. തിരികെ വന്ന പ്രവാസികളുടെ നൈപുണ്യ വിവരണങ്ങള്‍ നോര്‍ക്ക പോര്‍ട്ടല്‍ വഴി ശേഖരിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക കേരള സഭയിലുയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ 21 അംഗ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സമാപന പ്രസംഗം നിര്‍വഹിച്ചു. നിരവധി ക്രിയാത്മക നിര്‍ദേശങ്ങള്‍ അഞ്ചാം ലോക കേരള സഭയില്‍ ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനും കേരള വികസനത്തിനും ഇവ സഹായകമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ജനുവരി 30, 31 തീയതികള്‍ ചേര്‍ന്ന അഞ്ചാം ലോക കേരള സഭയില്‍ 125 രാജ്യങ്ങളില്‍ നിന്നും 28 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം കേരളീയ പ്രവാസി പ്രതിനിധികള്‍, മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ. കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം.പി മാര്‍, എം.എല്‍.എ മാര്‍, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, നോര്‍ക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാരായ ഡോ. രവി പിള്ള, ഒ.വി മുസ്തഫ, സി.വി റപ്പായി, ജെ.കെ മേനോന്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി അനുപമ ടി വി, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ‘നവകേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചു. ജനുവരി 29 ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനത്തോടെയാണ് ലോക കേരള സഭയ്ക്ക് തുടക്കമായത്.

 

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest