Obituary
ആനക്കാരനെ തേടി മരണമെത്തിയത് റിട്ടയര്‍ ചെയ്ത് മണിക്കൂറുകൾക്കകം
ഗുരുവായൂര്‍ ദേവസ്വത്തില്‍ ആനക്കാരനായിരുന്ന വാസുദേവന്‍ ഇന്നലെയാണ് വിരമിച്ചത്

ചെത്തല്ലൂര്‍ | കഴിഞ്ഞ 22 വര്‍ഷക്കാലം ആനകളുമായി ഇടപഴകി ജീവിച്ച് ശേഷിച്ച കാലം വിശ്രമിക്കാനായി വീട്ടിലെത്തിയ വാസുദേവന്റെ വിധിയിൽ വേദനിച്ച് നാട്. ഞെല്ലിയൂര്‍ ഇല്ലത്ത് പരേതനായ രാമന്‍ മൂസ്സിന്റെ മകൻ എന്‍ വാസുദേവന്റെ (56) കുടുംബ ജീവിതമാണ് മണിക്കൂറുകൾ കൊണ്ട് മാറിമറിഞ്ഞത്.
ഗുരുവായൂര്‍ ദേവസ്വത്തില്‍ ആനക്കാരനായിരുന്നു എന്‍ വാസുദേവന്‍. 2001 ഒക്ടോബര്‍ 29ന് ജൂനിയര്‍ വിഷ്ണു എന്ന ആനയെ നടക്കിരുത്തിയപ്പോള്‍ ചട്ടക്കാരനായി വന്ന് ദേവസ്വം സർവീസില്‍ പ്രവേശിച്ചതാണ്.
ചെറുപ്പത്തില്‍ വലിയ ആനക്കമ്പക്കാരനായിരുന്ന വാസുദേവന് ഇഷ്ടപ്പെട്ട ജോലി തന്നെയാണ് ഉദ്ദേശിച്ച സ്ഥലത്ത് ലഭിച്ചതെന്ന് ചെത്തല്ലൂരിലെ അന്നത്തെ കൂട്ടുകാർ തമാശയായി പറഞ്ഞിരുന്നു. ഇന്നലെയാണ് ഇദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്.
ഗുരുവായൂര്‍ ദേവസ്വത്തിലെ മറ്റു ജീവനക്കാർ സന്തോഷത്തോടെയാണ് വൈകിട്ട് ഇദ്ദേഹത്തെ വീട്ടില്‍ എത്തിച്ചത്. സമീപവാസികളെയും കൂട്ടുകാരെയുമെല്ലാം ഈ ചടങ്ങിലേക്ക് അദ്ദേഹം വിളിച്ചിരുന്നു.
എന്നാൽ, ഇന്ന് രാവിലെ കരിക്കിന് വേണ്ടി തെങ്ങില്‍ കയറിയപ്പോഴാണ് താഴെ വീണത്. ഉടൻ തന്നെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: രാധ. മക്കളില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാളെ ഉച്ചക്ക് വീട്ടിലെത്തിച്ച് സംസ്കരിക്കും.