road maintenance
ഖജനാവിലെ പണം വിനിയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തും: മന്ത്രി മുഹമ്മദ് റിയാസ്
ഉദ്യോഗസ്ഥര്‍ റോഡിലൂടെ നടന്ന് നേരിട്ട് പരിശോധന നടത്തിയാല്‍ തന്നെ വലിയ അളവില്‍ പ്രശ്‌നം പരിഹരിക്കാനാവും.

പത്തനംതിട്ട : ഖജനാവിലെ പണം ഉപയോഗിച്ചു ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുടുത്ത- പൂതങ്കര- ഇളമണ്ണൂര്‍ കിന്‍ഫ്ര- ചായലോട് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭൂരിപക്ഷം ഉദ്യോഗസ്ഥരും കരാറുകാരും മികച്ച രീതിയില്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ന്യൂനപക്ഷം ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നുണ്ട്. അവരെയും തിരുത്തി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യം. കരാറുകാരിലും ഉദ്യോഗസ്ഥരിലും മികച്ച പ്രവര്‍ത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കും. താഴേതട്ടു മുതല്‍ മേലേതട്ടു വരെ പരിശോധന നടത്തും. ഉദ്യോഗസ്ഥര്‍ റോഡിലൂടെ നടന്ന് നേരിട്ട് പരിശോധന നടത്തിയാല്‍ തന്നെ വലിയ അളവില്‍ പ്രശ്‌നം പരിഹരിക്കാനാവും.
റോഡ് പരിശോധനയില്‍ ഒരു തരത്തിലുള്ള സന്ധി ചെയ്യലും ഉണ്ടാവില്ല. ക്വാളിറ്റി കണ്ട്രോള്‍ പരിശോധനയുടെ സാധ്യതകള്‍ പരിശോധിക്കും. സംസ്ഥാനത്ത് 30,000 കിലോമീറ്റര്‍ റോഡുകളാണ് പൊതുമരാമത്ത് വകുപ്പിന്റെതായിട്ടുള്ളത്. പരമാവധി റോഡുകള്‍ ബി എം ആന്‍ഡ് ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തും. ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന റോഡുകള്‍ നവീകരിക്കപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.