Kerala
ചരിത്ര നേട്ടം; എവറസ്റ്റ് കാല്‍ക്കീഴിനടിയിലാക്കി കണ്ണൂരുകാരി സഫ്രീന
ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതനിര 2021ലും അര്‍ജന്റീനയിലെ അക്വാന്‍കാഗ്വ 2022 ലും റഷ്യയിലെ മൗണ്ട് എല്‍ബ്രസ് 2024ലും കയറിയിട്ടുണ്ട്

കണ്ണൂര്‍ | എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ മലയാളി വനിതയായി വേങ്ങാട് സ്വദേശിനി. കണ്ണൂര്‍ ജില്ലയില്‍ വേങ്ങാടെ പി എം അബ്ദുല്‍ ലത്തീഫിന്റെയും കെ പി സുബൈദയുടെയും മകളായ സഫ്രീനയാണ് അപൂര്‍വ്വ നേട്ടത്തിനുടമ. ഭര്‍ത്താവിനോടൊപ്പം ഖത്തറിലെ ദോഹയിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് ഡോ. ഷമീല്‍ മുസ്തഫ അവിടെ ഹമാദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ സര്‍ജനാണ്. മകള്‍ മിന്‍ഹ.
മെയ് 18ന് രാവിലെ 10.25നാണ് സഫ്രീന ഉയരങ്ങള്‍ കീഴടക്കി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ക്യാംപില്‍നിന്ന് 14 മണിക്കൂര്‍ കൊണ്ട് കയറി 8848.86 മീറ്റര്‍ ഉയരം കീഴടക്കിയാണ് വനിതാ പര്‍വതാരോഹരുടെ നിരയില്‍ സഫ്രീന അഭിമാന നേട്ടത്തിന് ഉടമയായത്. നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് ചരിത്ര നേട്ടം കൈവരിച്ചതെന്നും വിവിധ മലനിരകള്‍ നേരത്തെ താന്‍ കീഴടക്കിയിരുന്നു എന്നും സഫ്രീന പറഞ്ഞു. ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതനിര 2021ലും അര്‍ജന്റീനയിലെ അക്വാന്‍കാഗ്വ 2022 ലും റഷ്യയിലെ മൗണ്ട് എല്‍ബ്രസ് 2024ലും കയറിയിട്ടുണ്ട്. 2023ല്‍ കസാക്കിസ്ഥാനിലെ ഉയരം കൂടിയ മഞ്ഞുമല കീഴടക്കിയും തന്റെ ആരോഹണ മികവ് അവര്‍ തെളിയിച്ചിരുന്നു. ദീര്‍ഘകാലത്തെ പരിശ്രമത്തിനൊടുവിലാണ് ഉയരങ്ങള്‍ കീഴടക്കാനുള്ള ശാരീരിക ക്ഷമതയും മാനസികമായ കരുത്തും അവര്‍ നേടിയത്. തന്റെ ഭര്‍ത്താവും കുടുംബവും സുഹൃത്തുക്കളുമെല്ലാം നല്‍കിയ നല്ല പിന്തുണയാണ് ഈ ഉജ്വല നേട്ടത്തിന് കാരണമായതെന്ന് അവര്‍ പറഞ്ഞു. നേപ്പാള്‍ തിബത്തന്‍ ബോര്‍ഡറിലുള്ള ഹിമാലയത്തിന്റെ ഉയര്‍ന്ന ഭാഗമാണ് ഇവര്‍ അതിസാഹസികമായി നടന്ന്കയറി കീഴടക്കിയത്. ലോകത്തിലെ പര്‍വതാരോഹരുടെ ഇടയില്‍ ഈ മലയാളി വനിത നേടിയ മികവാര്‍ന്ന നേട്ടം നാട് ഒന്നാകെ ആഹ്ലാദത്തോടെ ചേര്‍ത്ത് പിടിക്കുകയാണ്